“മാമന്റെ കൊച്ച് ഉഷാറായല്ലോ ഇപ്പോ…”
നന്ദൂട്ടിയെ പൊക്കിയെടുത്തു അവൻ കയ്യിലെ കവറുകൾ സിനിയെ ഏല്പിച്ചു ശ്രീകുട്ടിയുടെ അടുത്തു ബെഡിലേക്ക് ഇരുന്നു നന്ദൂട്ടിയെ മടിയിൽ ഇരുത്തി…
“ഇത് കൊറേ ഉണ്ടല്ലോ…”
“നിനക്ക് മേടിച്ചപ്പോ മക്കൾക്ക് ഉള്ളതും കൂടെ മേടിച്ചു”
“വെറുതെ പൈസ കളയാനായിട്ട്… ഇവർക്ക് ഞാൻ ഇപ്പോ അടുത്താ മേടിച്ചു കൊടുത്തേ”
“തല്കാലം നീയതവിടെ വച്ചിട്ട് മക്കൾക്ക് ഭക്ഷണം കൊടുക്ക്”
അഫ്സൽ അതും പറഞ്ഞു ശ്രീകുട്ടിയുടെ നേരെ തിരിഞ്ഞിരുന്നു.
“ക്ഷീണമൊക്കെ മാറിയോ ഇപ്പോ?”
“ആഹ്ഹ് മാറിയല്ലോ… എന്റെ ചോക്ലേറ്റ് എവിടെ?”
അഫ്സൽ പോക്കറ്റിൽ നിന്ന് ഡയറിമിൽക്ക് എടുത്തു ശ്രീകുട്ടിക്ക് കൊടുക്കുന്നത് കണ്ട നന്ദൂട്ടിയുടെ മുഖം വാടി. അത് കണ്ട് അഫ്സൽ ചിരിച്ചുകൊണ്ട് അവന്റെ പോക്കറ്റിൽ നിന്ന് ഒരെണ്ണം കൂടെ എടുത്തു നന്ദൂട്ടിയുടെ മുന്നിൽ പിടിച്ചു…
കണ്ണുനീർ തുടച്ചുകൊണ്ട് ആ കുഞ്ഞു പെണ്ണ് സന്തോഷം നിറഞ്ഞ ചിരിയോടെ അവന്റെ കയ്യിൽ നിന്നത് പിടിച്ചുവാങ്ങി അവന്റെ കവിളിൽ ഉമ്മ വച്ചു. അത് കണ്ടതും ശ്രീകുട്ടിയും എണീറ്റു അഫ്സലിന്റെ കവിളിൽ ഉമ്മ വച്ചു.
മക്കളുടെയും അഫ്സലിന്റെയും കളിചിരികൾ സന്തോഷത്തോടെ കണ്ടു നിന്ന സിനി അവൻ കൊണ്ടുവന്ന ഭക്ഷണം പ്ലേറ്റുകളിൽ നിരത്തി.
“മതി കളിച്ചത്… രണ്ട് പേരും കഴിച്ചേ… ചോക്ലേറ്റ് തീറ്റയൊക്കെ കഴിച്ചിട്ട് മതി…”
“മാമൻ അമ്മക്ക് ചോക്ലേറ്റ് കൊണ്ട് വന്നില്ലേ”
ശ്രീകുട്ടിയാണ് ചോദിച്ചത്… അഫ്സൽ നന്ദൂട്ടിയെ മടിയിൽ നിന്നിറക്കി ചിരിയോടെ ശ്രീകുട്ടിയെ നോക്കി പോക്കറ്റിൽ നിന്ന് മറ്റൊരു ഡയറിമിൽക്ക് പാക്കറ്റ് എടുത്തു.