“പോട..”
അവളവന്റെ മേലുള്ള പിടി വിട്ട് പുറകോട്ടിരുന്നു. അവനൊന്നും മിണ്ടിയില്ല. വീട് എത്താനായപ്പോ അവൾക്ക് ചെറുതായി പേടി തോന്നി.
“ഏട്ടാ…”
അവളനോട് ചേർന്നിരുന്ന് വിളിച്ചു. അവനൊന്നും മിണ്ടിയില്ല.
“എടാ ഏട്ടാ..സോറി.. ഞാൻ തടവി തരാം..”
ഷർട്ടിൽ ഉമിനീർ നനഞ്ഞ കടിച്ച ഭാഗത്തു തലോടിക്കൊണ്ട് പറഞ്ഞു.
“ഇനിയത് തൊട്ട് വേദനയാക്കല്ലേ ആമി..”
“പിന്നെ.. എനിക്ക് നല്ല ദേഷ്യം വന്നു..”
“മ്മ്..”
“സോറി ട്ടൊ…”
“ആ ഞാൻ വരവ് വച്ചു..”
അവളവനെ മുറുക്കെ പിടിച്ചിരുന്നു. വീട്ടിലെത്തിയപ്പോൾ വളിഞ്ഞ ചിരി കാണിക്കുയാണ് പെണ്ണ്. താൻ ദേഷ്യപ്പെടാതിരിക്കാനുള്ള സോപ്പാണെന്ന് അവനപ്പഴേ മനസിലായി. അവളെയൊരു കുറുമ്പ് നോട്ടം നോക്കി റൂമിലേക്ക് പോയി.
“ഹൊ..രക്ഷപ്പെട്ടു..”
പിറുപിറുത്തു കൊണ്ട് അവളും പുറകെ പോയി. രാത്രി ഒൻപതു മണിയാകുമ്പോഴാണ് ശ്രീയുടെ ഫോണിൽ വരുണിന്റെ കോൾ വരുന്നത്.
“ഹലോ..”
“ആ ശ്രീയേട്ടാ ചേച്ചിയുണ്ടോ അടുത്ത്..?”
“ഉണ്ട്..”
പാത്രങ്ങളിൽ സോപ്പിന്റെ പത പിടിപ്പിക്കുന്ന ആമിയെ നോക്കിക്കൊണ്ടവൻ പറഞ്ഞു. ആരാണെന്നുള്ള ആംഗ്യത്തിൽ അവൾ പുരികം പൊക്കി.
“എങ്കി അവിടുന്ന് കുറച്ച് മാറി നിക്ക്.. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..”
“മ്മ്..”
ആമിയോട് ഒരു മിനുട്ടെന്ന് കാണിച്ച് അവൻ ഉള്ളിലേക്ക് നടന്നു. അവൾക്കപ്പോഴേ മനസിലായി ആ നാശം പിടിച്ച ചെക്കനായിരിക്കുമെന്ന്. ദേഷ്യത്തോടെ അവളുടെ മുഖം കോടി.
“എന്താടാ കാര്യം പറയ്..”
“ചേട്ടാ.. ചേട്ടന്റെ കുടുംബം തകർക്കാൻ വേണ്ടി പറയുന്നതല്ല. ഞാൻ കണ്ട കാര്യം പറയാം.”