ഞങ്ങളുടെ സംസാരം കേട്ട് ഹാളിലേക്ക് കയറിവന്ന അനഘ ലക്ഷ്മിയോട് പറഞ്ഞു..
“അമ്മ ഒന്നും പറയത്തില്ല ചേച്ചി..! ഞാൻ അമ്മയെ ഫോൺ വിളിച്ച് പറഞ്ഞോളാം.. ഞാനും പൊക്കോട്ടെ..?”
എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി അനഘയെ നോക്കി ചിണുങ്ങാൻ തുടങ്ങി… ഞാനും സ്നേഹയും തിരികെ ഒറ്റയ്ക്ക് വരുന്ന കാര്യം ലക്ഷ്മിക്ക് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല, അതുകൊണ്ടാണ് അവളും കൂടെ വരുന്നു എന്ന്പറഞ്ഞ് നിർബന്ധം പിടിക്കുന്നത്.
“വേണ്ട.. വേണ്ട.. ലക്ഷ്മി വരണ്ട..! ഈ തണുപ്പും പിടിച്ച് വരണ്ട..! ഞാൻ ഒറ്റയ്ക്ക് പോയിട്ട് വന്നോളാം..?”
എന്റെ കയ്യിലെ ലക്ഷ്മിയുടെ പിടി വിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു.. ഞാൻ ഒറ്റയ്ക്ക് പൊക്കോളാം എന്ന് കേട്ടതും ലക്ഷ്മി ഒന്ന് തണുത്തു..
“അത് വേണ്ട അപ്പു സ്നേഹയും നിന്റൊപ്പം വരട്ടെ..! അല്ലേൽ അവള് പറഞ്ഞപോലെ നി വണ്ടീലിരുന്ന് വല്ലോം ഉറങ്ങി പോയാലൊ”
അനഘയാണ് അത് പറഞ്ഞത്.. പറഞ്ഞ് നിർത്തിയ ശേഷം അനഘ സ്നേഹയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.. ആ സമയം അനഘയുടേയും സ്നേഹയുയുടേയും മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നൊ എന്നെനിക്ക് തോന്നി..
“അങ്ങനെയാണേൽ ഞാനും പോകും..!”
എന്റെ ഇടത് കയ്യിൽ മുറുകെ പിടിച്ച ലക്ഷ്മി തീരുമാനിച്ചുറപ്പിച്ചതുപോലെ അനഘയെ നോക്കി പറഞ്ഞു.. എന്നേയും സ്നേഹയേയും മാത്രം അവരുടെ കൂടെ വിടാൻ ലക്ഷ്മി ഒട്ടും ഒരുക്കാമായിരുന്നില്ല..
“ലക്ഷ്മി നി വെറുതെ വാശിപിടിക്കല്ലെ..? അവര് പോയിട്ട് വന്നോളും.. നി പോവണ്ട”
“ഇല്ല.. ഞാനും പോകും”
ലക്ഷ്മി എന്നിലേക്ക് കൂടുതൽ പറ്റിചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.. ലക്ഷ്മിയുടെ ആ സമയത്തെ പ്രവർത്തിയൊക്കെ കണ്ട് അക്കുവും അനിതയും മറ്റുള്ളവരും ചിരിക്കുന്നുണ്ടായിയുന്നു എന്തിന് ഈ ഞാനും ചിരിച്ചുപോയി.. അവളെ ഒന്ന് വട്ട് കളിപ്പിക്കാൻ ഞാനും തീരുമാനിച്ചു..