വിഷ്ണുവിന് അവന്റെ കുടുംബമായി ഇനിയൊരു ബന്ധവും പാടില്ലെന്നും, പൂജക്കെന്നും പറഞ്ഞ് അമ്പലങ്ങൾ തോറും കയറിയിറങ്ങി നടക്കാതെ വീട്ടിൽ അടങ്ങിയൊതുങ്ങി നിൽകണമെന്നുമുള്ള ഉറപ്പിൽ യമുനയും, വിഷ്ണുവുമായുള്ള വേളി നടന്നു.
ശരീരം കൊണ്ടും, മനസ് കൊണ്ടും തീർത്തും പരിശുദ്ധയായ യമുന, ഭർത്താവിനെ കൺകണ്ട ദൈവമായി പൂജിച്ചു.
മറ്റ് കൂടപ്പിറപ്പുകളില്ലാതിരുന്ന യമുന, അച്ചനമ്മമാരോടും,ഭർത്താവിനുമൊപ്പം ആ വലിയ നാലുകെട്ടിൽ ഒരു രാജ്ഞിയെപ്പോലെ ജീവിച്ചു.
അമ്പലങ്ങളിലെ പൂജ ഒരു തപസ്യയായി കണ്ട വിഷ്ണുനമ്പൂതിരി, പൈസക്ക് വേണ്ടിയല്ലാതെ, മനസംതൃപ്തിക്ക് വേണ്ടി ഒന്ന് രണ്ട് അമ്പലങ്ങളിൽ പൂജ ചെയ്തു.
യമുനക്കും, വിഷ്ണു നമ്പൂതിരിക്കും രണ്ട് മക്കൾ പിറന്നു. മൂത്തത് പെണ്ണും, ഇളയത് ആണും. മകൾ യാമിക ഇരുപതാം വയസിൽ തന്നെ വിവാഹിതയായി പോയി. മിലിട്ടറിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഭർത്താവിനോടൊപ്പം അവൾ കാശ്മീരിലാണ്. ഇപ്പോൾ അവൾക്ക് ഇരുപത്തിനാല് വയസുണ്ട്.
ഇരുപതുകാരൻ യദു, ഉപരിപഠനത്തിനായി ആസ്ട്രേലിയയിലാണ്.
അച്ചനുമമ്മയും മരിച്ചതിൽ പിന്നെ യമുനയും ഭർത്താവും മാത്രമാണ് ഇല്ലത്തുള്ളത്.
പകല് ഇഷ്ടം പോലെ ആളുകളുണ്ടാവും. അടുക്കളയിലും പുറം പണിക്കും മറ്റുമായി ആശ്രിതർ ഒരുപാടുണ്ട്.
അതാരൊക്കെയാണെന്നോ,എത്ര പേരുണ്ടെന്നോ വിഷ്ണുനമ്പൂതിരിക്കറിയില്ല. എല്ലാംകൈകാര്യം ചെയ്യുന്നത് യമുന തനിച്ചാണ്.
ഇല്ലത്തിന് സ്വന്തമായി എത്ര സ്ഥലമുണ്ടെന്നോ, അതെവിടെയൊക്കെയാണെന്നോ, അതീന്നെത്ര വരുമാനമുണ്ടെന്നോ ഒന്നും നമ്പൂതിരിക്കറിയില്ല.അതറിയാൻ അയാൾക്ക് താൽപര്യവുമില്ല.
അയാൾ മൃഷ്ഠാന്ന ഭോജനവും, പള്ളിയുറക്കവുമായി ഇല്ലത്ത് കഴിഞ്ഞു.