“എന്നാ ചേട്ടൻ ആ ഡീറ്റയിൽസ് ഒക്കെ പറയൂ, ചേട്ടന് പറയാനുള്ളതാണ് ഞങ്ങൾക്ക് കേള്‍ക്കേണ്ടത്. ചേട്ടന്റെ അഭിപ്രായവും ഉപദേശവും മാത്രം ഞങ്ങൾക്ക് മതി.” അശ്വതി പറഞ്ഞു.
“സ്ഥലം വാങ്ങിച്ച്, ഫാക്ടറി കെട്ടി, എല്ലാ സംവിധാനങ്ങളോടും കൂടെ പുതിയ ഫാക്ടറി റണ്ണിങ് കണ്ടിഷണിൽ എത്തിക്കാൻ മാക്സിമം 73 ലക്ഷം കൊണ്ട് ശെരിയാക്കി തരാമെന്ന് എനിക്ക് അറിയാവുന്ന ഒരു ടീം ഏറ്റിട്ടുണ്ട്. ലൈസൻസ് എടുക്കാനുള്ള ചിലവും, പിന്നെ അവരുടെ ഫീ പോലും ഉൾപ്പെടുത്തിയാണ് അവർ ഈ തുക എന്നോട് പറഞ്ഞത്. നിങ്ങളുടെ കൂടെ നിന്ന് ഫാക്ടറി പൂര്‍ത്തിയാക്കാനും, ഏതു തടസ്സങ്ങളും ഒഴിവാക്കി ലൈസൻസും മറ്റ് എല്ലാ ഡോക്യുമെന്റസും നിയമപരമായി റെഡിയാക്കി തരുന്ന കാര്യവും അവർ തന്നെ നോക്കിക്കോളും.” ഞാൻ പറഞ്ഞു.
അതൊക്കെ കേട്ട് അവർ എട്ടുപേരും അന്തിച്ചു പോയി. അവരുടെ ഇരുപ്പ് കണ്ടിട്ട് ഡാലിയ ഒരു കുഞ്ഞ് അഹങ്കാരത്തോടെ ചിരിച്ചു. “എല്ലാവരോടും ഇങ്ങനെ കളിച്ചു ചിരിച്ച് നടക്കുന്നത് കൊണ്ട് റൂബി ചേട്ടനെ നിസ്സാരമായി നിങ്ങൾ കരുതി, അല്ലേ…?” അവള്‍ ചോദിച്ചു.
“എടി….” ചിരിച്ചുകൊണ്ട് ഞാൻ അവളുടെ തുടയിൽ പതിയെ ഒരു അടി കൊടുത്തു.
“അപ്പോ മാക്സിമം 73 ലക്ഷം കൊണ്ട് എല്ലാം റെഡിയാകുമെന്ന് ഉറപ്പാണോ ബ്രോ…?” വിശ്വസിക്കാനാവാതെ അഭിനവ് ചോദിച്ചു.
“ഞങ്ങൾ വിചാരിച്ചതിനേക്കാൾ 17 ലക്ഷം മുതല്‍ 32 ലക്ഷം വരെ കുറച്ചാണല്ലോ ചേട്ടൻ പറയുന്നത്. ശെരിക്കും ഇത്ര കുറഞ്ഞ തുകയ്ക്ക് എല്ലാം ശെരിയാക്കി കിട്ടുമോ…?” ഷാഹിദ ആശ്ചര്യത്തോടെ ചോദിച്ചു.