“പ്രശ്നം എന്നു പറഞ്ഞാൽ -കഞ്ചാവ് കൃഷി നടത്തിക്കൊണ്ടിരുന്ന മൂന്ന് കോടീശ്വര മുതലാളിമാർ പാർട്ട്നർഷിപ്പിൽ തുടങ്ങിയ ഫാക്ടറി ആയിരുന്നു അത്. അഞ്ച് മാസം നല്ലപോലെ ഓടി കൊണ്ടിരുന്നതുമാണ്.” ഞാൻ പറഞ്ഞു.
“പിന്നേ എന്താ സംഭവിച്ചത്…?” അങ്കിള്‍ ചോദിച്ചു.
“ഏതോ ഒരു വലിയ കാര്യത്തിൽ മൂന്നുപേരും തമ്മില്‍ വഴക്ക് തുടങ്ങിയതാണ്. അതിനെ അവർ സോള്‍വ് ചെയ്തു, പക്ഷേ എന്നിട്ടും പുതിയതായി ഉണ്ടാവുന്ന ഓരോ ചെറിയ പ്രശ്നങ്ങൾ എല്ലാം അവർ ആ പഴയ പ്രശ്നവുമായി ബന്ധപ്പെടുത്തി വലുതാക്കി കൊണ്ടിരുന്നു. ഒടുവില്‍ അവർക്കിടയിൽ വൈരാഗ്യം വളര്‍ന്നു. ഇടയ്ക്കിടെ അവർ തമ്മില്‍ കയ്യാങ്കളിയും തുടങ്ങി. അതിനുശേഷം മൂന്നുപേരും റൗഡികളെ ഏര്‍പ്പാടാക്കി മറ്റുള്ളവരുടെ കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യ പണ്ടകശാല നശിപ്പിക്കലും, കഞ്ചാവ് തോട്ടം നശിപ്പിക്കലും, മറ്റുള്ളവരുടെ കഞ്ചാവ് സപ്ലൈ ചെയ്യുന്ന ഏജന്റ്മരെ കൊല്ലുന്നതും തുടങ്ങി പ്രശ്നങ്ങൾ വളരെ ഗുരുതരമായി മാറി. ഒടുവില്‍ മൂന്നുപേരും കൊല്ലപ്പെട്ടു.”
“എങ്ങനെ…?” ആന്റി അന്തംവിട്ട് ചോദിച്ചു.
“അവരുടെ വിധി എന്നല്ലാതെ എന്തു പറയാൻ…, മറ്റുള്ളവരെ കൊല്ലാന്‍ വേണ്ടി മൂന്ന് പേരും വെവ്വേറെ കൊട്ടേഷൻ ടീമിന് ഒരേ സമയത്ത് കൊട്ടേഷൻ കൊടുക്കാന്‍ തോന്നിയത് വിധി എന്നല്ലാതെ എന്തു പറയാന്‍. അവർ കൊല്ലപ്പെട്ട ശേഷമാണ് പൊലീസ് അന്വേഷണത്തില്‍ എല്ലാ വിവരങ്ങളും പുറത്തു വന്നത്.”
“അപ്പോ പിന്നെ ആ ഫാക്ടറി വിൽക്കാന്‍ ആരാ തീരുമാനിച്ചത്…?” വല്യമ്മ ചോദിച്ചു.