“ഇതില്‍ എന്ത് അപകടമാണ് ഉള്ളത്…?” അഭിനവ് തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.
“ആ കഞ്ചാവ് മുതലാളിമാർ ചില വലിയ പോലീസുകാരേയും, ചില കസ്റ്റംസിനേയും സ്വാധീനിച്ച് നിയമ വിരുദ്ധമായി പ്രവർത്തിച്ചു. അപ്പോ ആ വിവരങ്ങള്‍ ഒക്കെ റൂബിന്‍ അറിഞ്ഞു എന്ന് ആ പൊലീസും കസ്റ്റംസും അറിയാൻ ഇടയായാൽ അവർ ഇവനെ ഭയക്കും. അപ്പോ ഒന്നുകില്‍ ഇവനെ കൂട്ട് പിടിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കും, അല്ലെങ്കിൽ ഇവന്‍ ഒരു ഭീഷണിയായി മാറുമെന്ന് ഭയന്ന് ഇവനെ കൊല്ലാന്‍ പോലും അവർ ശ്രമിച്ചേക്കാം.”
അങ്കിള്‍ പറഞ്ഞത് കേട്ട് എല്ലാവരുടെ കണ്ണിലും ഭയം നിറഞ്ഞു. അവരൊക്കെ എന്നെ ഭയന്ന കണ്ണുകളോടെ നോക്കി. ഡാലിയ പേടിയോടെ അവളുടെ ഇടത് കൈ കൊണ്ട് എന്റെ തുടയിൽ അള്ളിപ്പിടിച്ചു. വല്യമ്മ വിഷമിച്ച് അനങ്ങാതെ ഇരുന്നു.
“അങ്ങനെ ഒന്നും സംഭവിക്കില്ല.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. എന്നിട്ട് ഞാൻ പിന്നെയും കഴിക്കാൻ തുടങ്ങിയപ്പോ മറ്റുള്ളവരും മിണ്ടാതിരുന്നു കഴിച്ചു.
ഒടുവില്‍ കഴിച്ച ശേഷം എല്ലാവരും ഹാളില്‍ കൂടി. ചിലരൊക്കെ നിലത്തും മറ്റുള്ളവർ കസേരകളിലും സോഫയിലും ചെന്നിരുന്നു. അവിടെ വച്ച് പിന്നെയും ടീ ഫാക്ടറി തുടങ്ങുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച നടന്നു. പക്ഷേ ഞാൻ അതിൽ പങ്കു ചേരാതെ നിലത്ത് ഇരിക്കുന്ന വല്യമ്മയുടെ മടിയിൽ തലവച്ചു മിണ്ടാതെ കിടന്നു. വല്യമ്മയും എന്റെ മുടിയില്‍ കോതിക്കൊണ്ട് മിണ്ടാതെയാണിരുന്നത്.
ഡാലിയ കസേരയില്‍ ഇരുന്നുകൊണ്ട് ഇടക്കിടക്ക് വല്യമ്മയെ അസൂയയോടെ പാളി നോക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഞാൻ ചെറുതായി ഒന്ന് മയങ്ങുകയും ചെയ്തു.