അകത്തു കേറി ഇരുന്നതും ഓർഡർ എടുക്കാന്‍ വന്ന ആളോട് ഇടിയപ്പവും കടല കറിയുമാണ് ഡാലിയ ഞങ്ങൾക്ക് ഓർഡർ ചെയ്തത്.
“ഇടിയപ്പം ഇനിമേതാൻ റെഡി പണ്ണണും, ഒരു 20 മിനിറ്റ് ആകും മേഡം. വെയിറ്റ് പണ്ണ മുടിയുമാ..? ഇല്ല വേറ ഏതാവത്—”
“അതൊന്നും സാരമില്ല, ഞങ്ങൾ വെയിറ്റ് ചെയ്യാം.” ഡാലിയ പറഞ്ഞു.
“ഓക്കെ മേഡം…” ആള്‍ പറഞ്ഞിട്ട് വേഗം പുറത്തേക്ക് പോയി.
അയാള്‍ പോയതും ഡാലിയ ഫോൺ എടുത്ത് വീട്ടില്‍ വിളിച്ചു സംസാരിക്കാന്‍ തുടങ്ങി.
“ഞാൻ ഇപ്പൊ വരാം…” ഡാലിയയോട് പറഞ്ഞിട്ട് ഞാൻ ഹോട്ടലിന് പുറത്ത് വന്നു. എന്നിട്ട് കുറെ കോളുകൾ ചെയ്ത് ഞാൻ ചില അന്വേഷണങ്ങള്‍ നടത്തി ചില ഡീറ്റയിൽസും ഞാൻ ശേഖരിച്ചു. എന്നിട്ട് വേറെ ചിലരെ വിളിച്ച് ആ ഡീറ്റയിൽസ് അവര്‍ക്ക് കൊടുത്തിട്ട് ചില നിര്‍ദേശങ്ങളും കൊടുത്തു.
അത് കഴിഞ്ഞ സമയത്ത് എനിക്ക് മറ്റൊരു കോൾ വന്നു. ടീ ഫാക്ടറി നടത്തുന്ന കാര്യത്തെ കുറിച്ചും, വില്ക്കാന്‍ കിടക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് ടീ ഫാക്ടറികളെ കുറിച്ചും അന്വേഷിക്കാൻ വേണ്ടി ഞാൻ ഏല്‍പ്പിച്ചിരുന്ന എന്റെ ഒരു ടീമാണ് എന്നെ വിളിച്ചത്.
ഫ്രാന്‍സിസും രാഹുലും അഭിനവും അന്‍സാറും ഇടയ്ക്കിടെ എന്നെ ഫോണിലൂടെ വിളിച്ച് ടീ ബിസിനസ്സ് കുറിച്ചും ടീ ഫാക്ടറി നടത്തിയാല്‍ ക്ലിക്ക് ആവുമോ എന്നൊക്കെ അന്വേഷിച്ചത് കൊണ്ട് അവര്‍ക്ക് ആ ബിസിനസ്സ് ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് ഊഹിച്ചാണ് ഞാൻ ഈ അന്വേഷണങ്ങള്‍ ഒക്കെ നടത്താൻ തീരുമാനിച്ചത്. ഒരുപക്ഷേ അവര്‍ക്ക് ആ ബിസിനസ്സ് നടത്താൻ താല്പര്യം ഇല്ലെങ്കില്‍, ടീ ഫാക്ടറി ഞാൻ തുടങ്ങും.