ഈശ്വരാ…. ഈ തൊട്ടാവാടി പെണ്ണിനെ ഞാൻ എന്താ ചെയ്യേണ്ടത്. തലയാട്ടി കൊണ്ട് ഞാൻ വീട്ടിലേക്ക് വന്നു.
വീട്ടില്‍ വന്ന് എന്റെ റൂമിൽ കേറി മേശയ്ക്കടുത്തിരുന്ന കസേരയില്‍ ഇരുന്നിട്ട് മേശപുറത്ത് വച്ചിരുന്ന ലാപ്ടോപ്പ് ഞാൻ ഓപ്പൺ ചെയ്തു. എന്നിട്ട് മൊബൈലില്‍ വന്നു കിടക്കുന്ന പലരുടെയും മെസേജസ് എല്ലാം നോക്കി അതിനുള്ള മറുപടികളും അയച്ചു.
ശേഷം എന്നെ കോൾ ചെയ്തിരുന്നവരുടെ ലിസ്റ്റ് ഞാൻ നോക്കി. ഒരുപാട് കോളജുകളുടെ കൂട്ടത്തില്‍ സുമയുടെ രണ്ട് മിസ്സ്ഡ് കോൾസും ഉണ്ടായിരുന്നു. അത്യാവശ്യ കാര്യം ഉണ്ടെങ്കിൽ മാത്രമേ, ആദ്യത്തെ തവണ ഞാൻ എടുത്തില്ലെങ്കിൽ പോലും, സുമ രണ്ടാമതും കോൾ ചെയ്യുകയുള്ളു.
അരവിന്ദിനെ കുറിച്ച് അവള്‍ക്ക് എന്തൊക്കെയോ സംശയങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോ സുമ പറഞ്ഞായിരുന്നു.
38 വയസ്സുള്ള സ്ത്രീയാണ് സുമ. ഗൂഡല്ലൂർ സ്വദേശിയാണ്. ഭർത്താവ് ഡോക്ടര്‍ ആയിരുന്നു. സുമ സാധാരണക്കാരി ഒന്നുമല്ല. അപാര കഴിവുള്ള പ്രൈവറ്റ് ഡിറ്റക്ടീവ് ആയിരുന്നു അവള്‍. ആ ഫീൽഡിൽ ആയിരുന്നത് കൊണ്ട് സുമ സ്വന്തം സംരക്ഷണത്തിനായി ആയോധനകലയിൽ അത്യാവശ്യ ട്രെയിനിങ് ഒക്കെ എടുത്തിട്ടുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് സുമയുടെ എട്ട് വയസ്സുള്ള മോളെ കുഞ്ഞമ്മയുടെ ഗുണ്ടകള്‍ കടത്തി കൊണ്ടുപോയി. അവള്‍ പൊലീസില്‍ പരാതി കൊടുത്ത ശേഷം സ്വയം അന്വേഷണവും തുടങ്ങി.
ഒന്നര മാസം എടുത്തു കുഞ്ഞമ്മയെ കുറിച്ച് ചെറിയ സൂചന ലഭിക്കാൻ. പക്ഷേ കടത്തി കൊണ്ടു പോകുന്ന കുട്ടികളുടെ അച്ഛനും അമ്മയെയും അഞ്ചാറു മാസത്തേക്ക് കുഞ്ഞമ്മയുടെ ഗുണ്ടകള്‍ നിരീക്ഷിക്കുന്നത് അവരുടെ പതിവായിരുന്നു. അതുകൊണ്ട് സുമയുടെ എല്ലാ നീക്കങ്ങളും അവർ അറിയുണ്ടായിരുന്നു.