“എന്റെ ബ്രോ… ഇപ്പോഴാണ് നിനക്ക് ശരിക്കുള്ള ഡ്രസ്സിങ് സെന്‍സ് ഉണ്ടായത്.” ഫ്രാന്‍സിസ് ചേട്ടൻ തള്ള വിരൽ ഉയർത്തി കാണിച്ച് പറഞ്ഞു.
“ശെരിയാ… ഇങ്ങനത്തെ ടൈറ്റ് ടീ ഷര്‍ട്ടാണ് ഇടേണ്ടത്…” വിടര്‍ന്ന കണ്ണുകളോടെ മിനി പറഞ്ഞു. “അല്ലാതെ എപ്പോഴും ലൂസ് ഷർട്ടും ലൂസ് ടീ ഷര്‍ട്ടുമിട്ട് ഒരു ബോറനായിട്ടല്ല നടക്കേണ്ടത്…”
“ഇപ്പഴാ കിടിലമായത്..” അഭിനവ് ചേട്ടനും പറഞ്ഞു.
“ഹോ, ഇപ്പോഴെങ്കിലും നിനക്ക് വിവരം വച്ചല്ലോ…!!” ആന്റി പറഞ്ഞത് കേട്ട് ഞാൻ ഉള്‍പ്പടെ എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷേ ചേട്ടൻ മാത്രം വായും പൊളിച്ചാണ് നിന്നത്.
“വല്യമ്മേ….!!” അവസാനം ആന്റി ചേട്ടനെ ഒറ്റി കൊടുത്തത് പോലെയാണ് ചേട്ടൻ അലറിയത്.
അത് കേട്ട് എല്ലാവരുടെയും പൊട്ടിച്ചിരി കൂടുകയാണ് ചെയ്തത്. അന്നേരം ചേട്ടനും ഞങ്ങളുടെ കൂടെ ചിരിക്കാന്‍ തുടങ്ങി.
“ശെരി മതി ചിരിച്ചത്. എല്ലാവരും വരൂ. നമുക്ക് കഴിക്കാം.” എന്റെ അമ്മ പറഞ്ഞതും എല്ലാവരും ചിരി നിർത്തി ഡൈനിംഗ് റൂമിലേക്ക് നടന്നു.
കുറച്ച് ദിവസത്തേക്ക് എന്നെ നേരിട്ട് കാണാന്‍ കഴിയില്ലെന്നത് കാരണം എന്നെ എന്റെ അച്ഛനും അമ്മയും അവരുടെ നടുക്കാണ് പിടിച്ചിരുത്തിയത്.
ചേട്ടൻ ആന്റിയുടെ അടുത്ത് ഇരുന്നു. ഉടനെ ചേട്ടന്റെ അപ്പുറത്ത് മിനി ചെന്ന് ഇരുന്നതും എനിക്ക് സഹിച്ചില്ല. ഞാൻ ദേഷ്യത്തില്‍ ചേട്ടനെ തുറിച്ചു നോക്കി… മിനി അവിടെ ചെന്നിരുന്നത് ചേട്ടന്റെ കുറ്റം ആണെന്ന പോലെ.