സത്യമായും ഈ ചേട്ടനെ ഞാൻ കടിച്ചു പറിക്കും. ശെരിക്കും കാര്യം എന്താണെന്ന് ഈ ചേട്ടന് അറിയില്ലേ..?!
“നിന്റെ മുഖത്ത് ദേഷ്യം ഉണ്ടെങ്കിലും കാണാന്‍ നല്ല ഭംഗിയാ…”
ചേട്ടൻ പറഞ്ഞത് കേട്ട് എനിക്ക് നാണവും ചിരിയും വന്നു. പക്ഷേ രണ്ടും ഞാൻ അടക്കി.
“എടി ഇങ്ങനെ പിണങ്ങി ഇരിക്കാതെ എന്തെങ്കിലും പറ പെണ്ണേ…”
“പോടാ, എനിക്കൊന്നും പറയാനില്ല. എന്നോട് സംസാരിക്കുകയും വേണ്ട. എപ്പോഴും സംസാരിക്കാൻ ആ മൊബൈലും ലാപ്ടോപ്പും ചേട്ടന് മതിയല്ലോ.. അതിനോട് തന്നെ ചെന്ന് സംസാരിക്ക്..” അല്‍പ്പം ദേഷ്യത്തില്‍ ഞാൻ പറഞ്ഞു. “പിന്നെ ഞാൻ കടിച്ചു തിന്നാന്‍ ചെന്നപ്പോള്‍ എപ്പോഴും വീട്ടില്‍ നിന്ന് ഇറങ്ങിയൊരു ഒട്ടവും…!!” ഞാൻ പിറുപിറുത്തു. പക്ഷേ ചേട്ടനും കേള്‍ക്കുന്ന വിധത്തിലാണ് ഞാൻ പിറുപിറുത്തത്.
ചേട്ടൻ ഇടവിട്ടിടവിട്ട് റോഡില്‍ നിന്നും എന്റെ മുഖത്തേക്ക് കൗതുകത്തോടും ചെറിയ സങ്കടത്തോടും നോട്ടം പായിച്ച ശേഷം പിന്നേയും റോഡിലേക്ക് നോക്കി ഓടിച്ചു.
“എന്റെ ഡാലി…. ബിസിനസ്സ് എല്ലാം വിട്ടിട്ട് നാട്ടില്‍ നിൽക്കുമ്പോ ഫോണും ലാപ്ടോപ്പും തന്നെയല്ലേ വേണ്ടത്… ഒന്നും രണ്ടും ബിസിനസ്സ് ഒന്നുമല്ല ഞാൻ ചെയ്യുന്നത് —”
“ഓഹോ… നാട്ടില്‍ ഉള്ളത് പോട്ടെ. പക്ഷേ കുന്നൂറിൽ വച്ച്, എന്റെ എഗ്രിമെന്റ് സൈൻ ചെയ്യാൻ കൊണ്ടു വിട്ട അന്ന്, കോട്ടേജിൽ നിന്നും തുടങ്ങി ഫോൺ കോൾ ഞാൻ ഊട്ടിയിൽ ഇറങ്ങുന്നത് വരെ തുടർന്നില്ലേ…? എന്നെ മൈന്റ് പോലും ചെയ്യാതെ അര മണിക്കൂര്‍ ഫോണിൽ സംസാരിച്ചില്ലേ…?!” ദേഷ്യത്തില്‍ തന്നെ ഞാൻ പറഞ്ഞിട്ട് കൈ നീട്ടി ചേട്ടന്റെ തുടയിൽ ഞാൻ പിച്ചുകയും ചെയ്തു.