“പോ ചേട്ടാ…” ചുണ്ടും കോട്ടി എന്നെ കടിക്കാൻ കഴിയുമോ എന്ന് അവള്‍ നോക്കി. പക്ഷെ അത് ബുദ്ധിമുട്ടാണെന്ന് മനസ്സിലായതും ഡാലിയ കൈ നീട്ടി എന്റെ തുടയിൽ ഒരടി തന്നു.
അവളുടെ ആ കുസൃതിയും, ചുണ്ടുകള്‍ കോട്ടിയുള്ള ഇരുപ്പും കണ്ട് ഞാൻ ചിരിച്ചു.
“ചിരിച്ചത് മതി , കാര്യം പറ.”
“കുഞ്ഞമ്മയും കുടുംബവും എങ്ങനെയെങ്കിലും എന്നോടും അല്ലിയോടും അരുളോടുമൊക്കെ പകരം വീട്ടാന്‍ ശ്രമിക്കും. കൂടാതെ ഡെയ്സി പോലും ഇതിന്റെ ഇടയില്‍ പെട്ടു പോകുമെന്ന പേടിയുമാണ് എന്നെ ജാഗരൂകനാക്കിയത്. അതുകൊണ്ട് ഞാൻ ചില മുന്‍കരുതലുകളൊക്കെ എടുത്തായിരുന്നു.”
“എന്തു മുന്‍കരുതലുകൾ…..?” ചോദിച്ചു കൊണ്ട് ഡാലിയ വേഗം വായ് പൊത്തിപ്പിടിച്ചു. എന്നിട്ട് ചിരിച്ചു. “സോറി ചേട്ടാ.. ഇനി ഞാൻ ഇടക്ക് കേറി സംസാരിക്കില്ല.”
“അതൊന്നും സാരമില്ല. നി ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നതും വാചാലമാകുന്നതുമൊക്കെ നല്ല രസമാണ്. അതുകൊണ്ട് സോറി ഒന്നും പറയണ്ട.” ഞാൻ അങ്ങനെ പറഞ്ഞതും ഡാലിയയുടെ കണ്ണുകൾ സന്തോഷത്തില്‍ വിടര്‍ന്നു.
“അപ്പോ വേഗം പറ, ചേട്ടൻ എന്തു മുന്‍കരുതലുകളാ എടുത്തത്..?”
“ഡെയ്സിയും, അല്ലിയും, അരുളിന്റേയും സംരക്ഷണത്തിനായി ഞാൻ ഞങ്ങളുടെ കോട്ടേജ് കോമ്പവുണ്ടിനകത്തു തന്നെ ഒരു കരാട്ടെ സ്കൂൾ പണികഴിപ്പിച്ചു.”
“സത്യം പറ ചേട്ടാ.” ഡാലിയ പിന്നെയും ഇടക്ക് കേറി സീരിയസ്സായി പറഞ്ഞു. “ചേട്ടന് വെറും രണ്ടോ മൂന്നോ ഡോജോ ഉണ്ടെന്നാണ് ആന്റിയും അങ്കിളും പറയുന്നത്. പക്ഷേ അതിൽ കൂടുതൽ ഉണ്ടെന്ന് എനിക്കറിയാം. ശെരിക്കും ചേട്ടന് എത്ര ഡോജോസ് ഉണ്ട്…?” ഡാലിയ ചോദിച്ചത് കേട്ട് അല്‍പ്പം ചമ്മലോടെ ഞാൻ ചിരിച്ചു.