“പകല്‍ സമയത്ത് രണ്ടും, രാത്രി സമയത്ത് രണ്ടും കൂടാതെ രണ്ട് എക്സ്ട്രാ മാസ്റ്ററും ചേര്‍ത്ത് മൊത്തം ആറ് മാസ്റ്റർസ് വീതമാണ് ഓരോ ഡോജോയിലും ഉള്ളത്. പഠിപ്പിക്കുന്ന മാസ്റ്റർസ് ഒക്കെ ഡോജോയിൽ തന്നെയാ താമസം. അതിനുള്ള സൗകര്യങ്ങള്‍ എല്ലാ ഡോജോയിലും ഉണ്ട്.”
“ങേ.. അവർ എന്തിനാ അവിടെ തന്നെ താമസിക്കുന്നേ..!! അവര്‍ക്ക് ഫാമിലി ഒന്നുമില്ലേ….?”
“അവരൊക്കെ പ്രത്യേകതരം മാസ്റ്റേഴ്സ് ആണ്. അവരെ നിനക്ക് മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ നിന്നോട് പറയേണ്ടി വരും. പക്ഷേ അതെല്ലാം ഇപ്പൊ വിശദമായി പറയാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല.”
ഉടനെ ഡാലിയ മുഖം വീർപ്പിച്ചു. സങ്കടവും ദേഷ്യവും എല്ലാം അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. അവള്‍ എന്റെ മേല്‍ ചാടി വീണ് കടിക്കും മുമ്പ് ഞാൻ വേഗം തുടർന്നു…,
“പക്ഷേ സിമ്പിളായി ഞാൻ വേണ്ട കാര്യങ്ങൾ മാത്രം നിന്നോട് പറയാം.”
അങ്ങനെ പറഞ്ഞതും അവള്‍ അല്‍പ്പം ശാന്തമായി.
“മൊത്തം 84 മാസ്റ്റേഴ്സ് എന്റെ കീഴില്‍ ഉണ്ട്. സ്വയം പ്രാക്ടീസ് ചെയ്യുകയും, മറ്റുള്ളവരെ പഠിപ്പിച്ചും, പുതിയ വിദ്യകളും ട്രെയിനിങ് രീതികളും കണ്ടുപിടിച്ച് അതിൽ ട്രെയിൻ ചെയ്യുക എന്നൊക്കെ മാത്രമാണ് അവരുടെ ആഗ്രഹവും ലക്ഷ്യവും. അതുകൊണ്ട് മറ്റെല്ലാം ഉപേക്ഷിച്ച് അവരുടെ ജീവിതം തന്നെ ഇതിലേക്ക് മാത്രമാണ് അവർ പൂര്‍ണമായി മാറ്റി വച്ചിരിക്കുന്നത്.”
“ഓഹോ……?!” ഡാലിയ അന്തിച്ച് എന്നെ തന്നെ നോക്കിയിരുന്നു.
“അങ്ങനെ എന്റെ കോട്ടേജ് പരിസരത്ത് പുതിയ സ്കൂൾ സ്ഥാപിച്ച ശേഷം എന്റെ പതിനാല് സ്കൂളുകളില്‍ ഒരു സ്കൂളിനെ ഞാൻ അങ്ങോട്ട് ഷിഫ്റ്റ് ചെയ്തു. ഞാൻ ഷിഫ്റ്റ് ചെയ്ത സ്കൂളിൽ എട്ടു ഷിഫ്റ്റുകളായി പഠിക്കാൻ വരുന്ന 120 വിദ്യാർത്ഥികളും, ആറ് മാസ്റ്റേഴ്സും ഉണ്ടായിരുന്നു. രാത്രി ആയാലും പകല്‍ ആയാലും, ഏതു നേരത്തും പതിനഞ്ച് വിദ്യാർത്ഥികളും ആറ് മാസ്റ്റേഴ്സും അവിടെ ഉണ്ടായിരിക്കും. അങ്ങനെ സാധാരണക്കാരുടെ മക്കള്‍ തുടങ്ങി, പോലീസ് ഉദ്യോഗസ്ഥരുടെയും വക്കീലിന്റെ മക്കളും മാത്രമല്ല, വേറേയും വലിയ പുള്ളികളുടെ മക്കളുമൊക്കെ കരാട്ടെ പഠിക്കാൻ വരുന്ന ഡോജോയിൽ കുഞ്ഞമ്മയുടെ ഗുണ്ടകള്‍ എന്നല്ല, തീവ്രവാദികൾ പോലും ആക്രമിക്കാൻ ധൈര്യപ്പെടില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.”