“വേഗം പറ ചേട്ടാ. ചേട്ടൻ അവരെ എന്താ ചെയ്തത്….?” ഡാലിയ തിടുക്കം കൂട്ടി.
“അവരെ ഞാൻ എന്തൊക്കെ ചെയ്തു എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ എല്ലാ രഹസ്യങ്ങളും അവരെക്കൊണ്ട് ഞാൻ പറയിപ്പിച്ചു എന്നുമാത്രം നി മനസ്സിലാക്കിയാൽ മതി. കൂടാതെ സാമുവേല്‍ അണ്ണനെ കുറിച്ചുള്ള വിവരങ്ങളും വള്ളി പുള്ളി തെറ്റാതെ അവരെക്കൊണ്ട് ഞാൻ പറയിച്ചു. അങ്ങനെയാണ് പുള്ളിയെ കുറിച്ചും പുള്ളിയുടെ അനിയത്തിമാരെ കുറിച്ചും, അയാളുടെ അച്ഛനും അമ്മയെ കുറിച്ചും, കുഞ്ഞമ്മ അയാള്‍ക്ക് ആരായിരുന്നു എന്നതിനെ കുറിച്ചും, മല്ലിക ചേച്ചിയെ കുറിച്ചും എല്ലാം അറിഞ്ഞത്. സാമുവേല്‍ അണ്ണനും മല്ലി ചേച്ചിയും കല്യാണം കഴിച്ചു ജീവിക്കുന്നു എന്ന വിവരവും അവരില്‍ നിന്നാണ് അറിഞ്ഞത്.”
ഞാൻ പറഞ്ഞത് കേട്ട് ഡാലിയ വിരണ്ടു പോയിരുന്നു. പക്ഷേ അവള്‍ക്ക് ഒരു കാര്യം മാത്രം പെട്ടന്ന് അറിയണമായിരുന്നു.
“ആ രണ്ടു ഗുണ്ടകളെ ചേട്ടൻ കൊന്നോ…?” ഡാലിയ ചോദിച്ചു കൊണ്ട് പെട്ടന്ന് ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി. അതുകണ്ട് എനിക്ക് സങ്കടവും ചിരിയും ഒരുപോലെ വന്നു.
“എന്റെ പോന്ന് ഡാലി മോളെ…. എന്നെ നീയായിട്ട് കൊലപാതകി ആക്കല്ലേ…!!” സ്റ്റിയറിങ് വിട്ടിട്ട് രണ്ടു കൈയും കൂപ്പി ഞാൻ അവളെ തൊഴുതു.
ഉടനെ കണ്ണുകൾ തുടച്ചു കൊണ്ട് ഡാലിയ ചിരിച്ചു. അവളുടെ ഒരുമിച്ചുള്ള ഏങ്ങലടിയും ചിരിയും കണ്ടിട്ട് എനിക്ക് നല്ല സങ്കടം ഉണ്ടായി.
“എത്ര വലിയ തെറ്റുകൾ ചെയ്തവരെ ആണേലും ചേട്ടൻ ഒരിക്കലും ആരെയും കൊല്ലരുത്….!! അവര്‍ക്കുള്ള ശിക്ഷ അവര്‍ക്ക് കിട്ടുക തന്നെ ചെയ്യും, പക്ഷേ ചേട്ടൻ ആരെയും കൊല്ലരുത്.” ഡാലിയ കെഞ്ചും പോലെ പറഞ്ഞു.