ഞങ്ങൾ രണ്ടുപേരും മേശയുടെ അങ്ങോട്ടും ഇങ്ങോട്ടുമായിട്ടാണ് ഇരുന്നത്. എന്റെ നോട്ടം മുന്നില്‍ ഇരിക്കുന്ന ഡാലിയയുടെ മുഖത്ത് വീഴുമ്പോ അവള്‍ നാണത്തോടെ മുഖം കുനിച്ച് ഇരിക്കും.
“ചേട്ടാ…?” പെട്ടന്ന് തല ഉയർത്തി ഡാലിയ എന്നെ വിളിച്ചു.
തല അനക്കി എന്താണെന്ന് ഞാൻ ചോദിച്ചു.
“ചേട്ടന്റെ കൈ പൊട്ടുകയോ ഒടിയുകയോ ചെയ്തു എന്നിരിക്കട്ടെ… അപ്പോ ഞാൻ വാരി തന്നാല്‍ ചേട്ടൻ കഴിക്കില്ലേ…?” നിഷ്കളങ്കയായി അവള്‍ ചോദിച്ചു.
ഈശ്വരാ…. എന്റെ കൈ തല്ലി ഓടിക്കാന്‍ ഇവള്‍ പ്ലാൻ ചെയ്യുകയാണോ…?!
പെട്ടന്ന് എന്നെയും അറിയാതെ എന്റെ വലതു കൈ എനിക്ക് പിന്നില്‍ ഞാൻ ഒളിപ്പിച്ചു വച്ചു. ഉടനെ ഡാലിയ പൊട്ടിച്ചിരിച്ചു.
“എന്തിനാ കൈ പിന്നില്‍ ഒളിപ്പിച്ചു വച്ചത്…?” ചിരി നിര്‍ത്താതെ അവള്‍ ചോദിച്ചു.
“എടി.. എന്റെ കൈ ഓടിക്കാന്‍ വല്ല പ്ലാനും ഉണ്ടോ..?” ഞാൻ ചോദിച്ചതും അവളുടെ ചിരി കൂടി.
“ദൈവമേ… ചേട്ടാ. ഞാൻ അങ്ങനെ ചെയ്യുമോ…?” ഒടുവില്‍ കുസൃതിയോടെ അവള്‍ ചോദിച്ചു. “ഞാൻ പ്ലസ് ഒൺ പഠിക്കുന്ന സമയത്ത് ചേട്ടന്റെ കൈ ഒടിഞ്ഞ് കെട്ടി വച്ചിരുന്നപ്പോ ഞാൻ ചേട്ടന് വാരി തന്നത് മറന്നുപോയോ…? അത് പെട്ടന്ന് ഓര്‍മ്മ വന്നത് കൊണ്ട് ചോദിച്ചതാ…”
ഉടനെ ഞാൻ ചിരിച്ചു. “അതൊന്നും ഞാൻ മറന്നിട്ടില്ല…!” അങ്ങനെ പറഞ്ഞതും അവളുടെ കണ്ണുകൾ വിടര്‍ന്നു. സന്തോഷവും അവളുടെ മുഖത്ത് നിറഞ്ഞു.
എന്റെ അച്ഛൻ ജീവിതം മടുത്ത് അശ്രദ്ധമായി വണ്ടി ഓടിച്ചു വണ്ടി എങ്ങോ കൊണ്ട് ഇടിച്ചു. അല്‍പ്പം കാര്യമായ പരുക്കുകള്‍ ഉണ്ടായിരുന്നു. ഞാൻ ഫോണിലൂടെ എത്ര കെഞ്ചി പറഞ്ഞിട്ടും പുള്ളി ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. ആ സങ്കടവും ദേഷ്യവും കാരണം ഞാൻ വീട്ടിലുള്ള മേശയും ചുമരും എല്ലാം ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. മേശ ഞാൻ ഇടിച്ചു തകർത്തു, പക്ഷേ ചുമര് മാത്രം തകര്‍ന്നില്ല.. പകരം എന്റെ കൈ തകർന്നു. എല്ലിന് ചെറിയ പൊട്ടല്‍ ഉണ്ടായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടില്‍ റസ്റ്റ് എടുക്കുകയായിരുന്നു. എന്നും എല്ലാവരും വന്ന് എന്നെ കണ്ടിട്ട് പോകുമായിരുന്നു.