ചെട്ടിയാരുടെ ഫോൺ കാൾ ആണ് അവരുടെ സ്വകാര്യതയെ മുറിച്ചത്.”അത്യാവശ്യമായി ഒന്ന് കാണണം, ഗോഡൗണിൽ ഉണ്ട്.”
അത് മാത്രം പറഞ്ഞയാൾ ഫോൺ വച്ചു.
“കാര്യമായിട്ട് എന്തോ ഉണ്ടല്ലോ.”
വീണയത് പറഞ്ഞപ്പോൾ അവൻ
ഒന്ന് മൂളുക മാത്രം ചെയ്തു.
വേഗം തന്നെ അവൻ തയ്യാറായി പുറത്തെക്കിറങ്ങി.
ശംഭു പുറപ്പെട്ടപ്പോൾ വീണ ഉമ്മറത്തുവരെ വന്ന് അവനെ യാത്രയാക്കി. അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ അവിടെ നിന്നു. “എല്ലാം എന്റെ കുഞ്ഞാപ്പിക്ക് വേണ്ടിയാട്ടോ.”
അവൾ വയറിൽ കൈവച്ചുകൊണ്ട് പറഞ്ഞു.
********
ചെട്ടിയാരുടെ ഗോഡൗൺ….
കാണണം എന്ന് പറഞ്ഞത് കൊണ്ട് ശംഭു വേഗം തന്നെ അവിടെയെത്തി.എന്തെങ്കിലും ഒരു കാര്യമില്ലാതെ ചെട്ടിയാർ കാണണം എന്ന് പറയില്ല, അതും ഉടനെ തന്നെ.
ശംഭുവും ചെട്ടിയാരും അയാളുടെ പ്രൈവറ്റ് റൂമിലാണ്.കാര്യം തിരക്കി എങ്കിലും ചെട്ടിയാർ കുറച്ചധികം സമയം മൗനം തുടർന്നു.ശേഷം കുറച്ചു ഫോട്ടോസ് അവന് മുന്നിലേക്ക് നിരത്തിയിട്ടു.
അത് കണ്ട ശംഭു പകച്ചുപോയി. ഇത്രനാൾ കരുതിയതെല്ലാം തെറ്റി എന്ന് തോന്നി,ആരെ വിശ്വസിക്കും എന്ന് അവന് പോലും അറിയാത്ത അവസ്ഥ. ദിവ്യയുടെ വാക്കുകൾ അവന്റെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നു.
ആ ഫോട്ടോസിലെ മിന്നും താരം രുദ്രയാണ്,അവൾ എന്തായിരുന്നു എന്നതിൽ തുടങ്ങി ഇന്നിപ്പോൾ ആരാണ് എന്ന് വരെയുള്ള കഥ ആ ചിത്രങ്ങൾ അവന് പറഞ്ഞു കൊടുത്തു.അതിൽ എതിരിൽ കണ്ടവരും,അവർക്കൊപ്പമുണ്ട് എന്ന് കരുതിയവരും ഒക്കെയുണ്ട് എന്നാൽ തനിക്ക് ഏറ്റവും പ്രിയപെട്ട ആ മുഖം,അവൻ ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തിക്കൊപ്പം ഉള്ള ചിത്രം അവനെ ആഴത്തിൽ മുറിവേല്പിച്ചു.