“എല്ലാം ഒരുക്കിയിട്ടുണ്ട്. തത്കാലം നീ മാറുന്നതാ ബുദ്ധി. ശരിക്കുമുള്ള രുദ്ര എവിടെയെന്ന് നേരിയ ഒരു സൂചനയെ ഉള്ളൂ. അത് കണ്ടെത്തണം,എങ്കിലേ ഇത് അവസാനിക്കൂ.”
“ഞാൻ എന്താ വേണ്ടത് ചെട്ടിയാരെ?” അവൻ ചോദിച്ചു.
“തത്കാലം നീ മാറിനിൽക്കുന്നു. നിന്റെ ജീവൻ ആപത്തിലാണ്, നീ തീരുന്നിടത്തു നിന്ന് അവർ നിന്റെ കുഞ്ഞിനെയും.നിന്നെ തൊടാതെ അവർ നിന്റെ കുഞ്ഞിനെ തൊടില്ല, അതുറപ്പാ.പക്ഷെ ഒന്ന് പാളിയാൽ……..
നീ മാറി നിന്നെ പറ്റൂ,ഒപ്പം ഏത്രയും വേഗം രുദ്രയെ കണ്ടെത്തുക.ലക്ഷ്യം നേടും വരെ ജീവനോടെയിരിക്കുക.”ചെട്ടിയാർ പറഞ്ഞുനിർത്തി.
മുറിവേറ്റ മനസ്സുമായി ഒരു യാത്ര മനസ്സിലുറപ്പിച്ചുകൊണ്ട്,തന്റെ പെണ്ണിനോടും വീട്ടുകാരോടും എന്ത് പറഞ്ഞിറങ്ങും എന്നും മനസ്സിൽ കൂട്ടിക്കിഴിച്ച് ശംഭു വീട് ലക്ഷ്യമാക്കി വണ്ടി പായിച്ചു.
*********
തിരികെ തറവാട്ടിലെത്തിയ ശംഭു ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങി.വല്ലാത്ത ചിന്താഭാരം പേറി അവൻ മുറ്റത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നത് കണ്ടാണ് വിനോദ് കാറിൽ നിന്നും ഇറങ്ങിയത്,കൂടെ അച്ഛനും.അവന്റെ മുഖത്തെ വെപ്രാളം അവർ തിരിച്ചറിഞ്ഞു. ഒരുപക്ഷെ അവൻ തങ്ങളുടെ വരവ് കാത്തുനീക്കുകയാണ് എന്നവർക്ക് തോന്നി.
“ചെക്കപ്പ് കഴിഞ്ഞോ?, ഡോക്ടർ എന്ത് പറഞ്ഞു?”കണ്ടപാടെ ശംഭു ചോദിച്ചു.
“അതൊക്കെ നിക്കട്ടെ,എന്താ കുട്ടി മുഖത്ത് ഒരു പരിഭ്രമം?”
“അത് പിന്നെ അച്ഛാ……..”അവൻ വാക്കുകൾക്ക് വേണ്ടി പരതി.
ഗൗരവമുള്ള എന്തോ ഉണ്ട് എന്ന് അവർക്ക് തോന്നി.അച്ഛൻ അവനെയും കൂട്ടി തന്റെ മുറിയിലെത്തി,കൂടെ വിനോദും.
ആ മുറിവാതിൽ അടക്കപ്പെട്ടു.
അവർ മൂന്നു പേര് മാത്രമായ നിമിഷങ്ങൾ.വളരെ നേരത്തിന് ശേഷം വാതിൽ തുറന്നിറങ്ങുമ്പോൾ ശംഭുവിന്റെ മനസ്സിൽ ഒരു തീരുമാനം ഉറച്ചിരുന്നു,മാറില്ല എന്നുറപ്പിച്ച തീരുമാനം.