ജീവിതയാത്രകൾ [Sree]

Posted by

 

വൈകീട്ട് ഓഫീസിന് മുന്നിൽ മറ്റൊരു ബൈക്കുമായി അവൻ വന്നു. വാട്സാപ്പ് സ്റ്റാറ്റസുകളിൽ കാണുന്ന ബൈക്ക് അല്ലാലോ എന്ന് ആലോചിച്ച് അവൻ കൊടുത്ത ഹെൽമറ്റ് ധരിച്ച് വണ്ടിയുടെ പുറകിലേക്ക് കയറുമ്പോൾ ചോദിക്കാതെ തന്നെ അവനിൽ നിന്നും മറുപടി വന്നു.

“നാട്ടിലേക്ക് ട്രാൻസ്ഫർ ആയത് കൊണ്ട് ബൈക്ക് ഞാൻ കയറ്റി വിട്ടു, ഇത് റൂംമേറ്റിൻ്റെ ബൈക്കാ”. അതിനു മൂളി എന്ന് വരുത്തി അവൻ്റെ തോളത്ത് കയ്യും വെച്ച് ഇരുന്നു. ബൈക്ക് മുന്നോട്ട് നീങ്ങുന്നുണ്ട്. എങ്ങോട്ടാണെന്ന് അറിയില്ല. എങ്കിലും അവളിൽ ഒരു തരം സന്തോഷം ഇരമ്പി വന്നു.

 

അലയടിച്ചുകൊണ്ടിരിക്കുന്ന അറബിക്കടൽ, തിരക്കേറിയ ശംഖുമുഖം കടപ്പുറം. കടലിലേക്ക് നോക്കി നിൽക്കുകയാണ് അവർ. അത് വരെ പരസ്പരം ഒന്നും മിണ്ടിയിട്ടില്ല. ഒടുവിൽ അവൾ തന്നെ മുൻകൈയെടുത്ത് സംസാരിക്കാൻ തുനിഞ്ഞു. “ടാ ഇതൊന്നും ശരിയാവില്ലടാ, എനിക്ക് പേടിയാ….” മുഴുവിക്കാൻ സമ്മതിച്ചില്ല. അവൻ്റെ വിരലുകൾ അവളുടെ ചുണ്ടുകളെ വിലക്കി.

വീണ്ടും അവൻ കടലിലേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ വീണ്ടുമവൾ കുഴങ്ങി. അല്പം നേരം അങ്ങനെ അവനെ നോക്കി നിന്നതും അവൻ്റെ ഇടത്തെ കൈവിരലുകൾ അവളുടെ വലതു കൈവിരലുകളെ ആലിംഗനം ചെയ്തു. മൃദുലമായ എന്നാൽ ദൃഢമായ പിടുത്തം. അവൻ്റെ ആ ഒരു പ്രവർത്തി അവളിൽ ഒരു ചെറുചിരി സമ്മാനിച്ചു.

 

സമയം കടന്നു പോയി. അവളുടെ കൈകൾ അവനിൽ സുരക്ഷിതാമായിരുന്നു. പലതും പറയണമെന്നുണ്ടെങ്കിലും അവൻ്റെ കൈകൾ നൽകിയ ആ സുഖത്തിൽ അവൾ അലിഞ്ഞുനിന്നു. “പോകാം” എന്ന അവൻ്റെ ചോദ്യത്തിന് അവളിൽ നിന്നും തലയാട്ടി കൊണ്ടുള്ള സമ്മതം കിട്ടിയതും അവർ നടന്നു, കൈകൾ വേർപിരിക്കാതെ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *