ടെൻഷനോട് കൂടി അവന്റെ മുന്നിൽ നിൽക്കുന്ന അമ്മുവിനെ കണ്ട് അവൻ സംശയിച്ചു.
“അയാൾ… അയാൾ രണ്ട് ദിവസം മുന്നേ എന്നെ കാണാൻ വന്നിരുന്നു. ഞാൻ… ഞാൻ പഠിപ്പ് നിർത്തുവാ എന്ന് പറഞ്ഞിരുന്നില്ലേ… അന്ന്”
“ആര്?”
“രാജൻ”
അച്ഛനെന്ന് പറയാതെ പേര് പറഞ്ഞത് കേട്ട് വിഷമം തോന്നേണ്ട ബിനിലയുടെ മുഖം നിർവികാരമായിരുന്നു.
“എന്തിനു?”
“എന്നോട് അയാളോടൊപ്പം ചെല്ലാൻ പറയാൻ. അയാളുടെ കൂട്ടുകാരൻ ഉണ്ടായിരുന്നു കൂടെ. അയാൾ എനിക്ക് എന്തോ ജോലി ശെരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു”
“ഏത് കൂട്ടുക്കാരൻ?”
“ഹംസ എന്നോ മറ്റോ ആണ് പേര് പറഞ്ഞത്. ഞാൻ ആദ്യമായിട്ടാ അയാളെ കാണുന്നത്”
അവൾ മൊബൈൽ എടുത്തു രാജന്റെയും ഹംസയുടെയും കൂടെ നിൽക്കുന്ന സെൽഫി അഫ്സലിനെ കാണിച്ചു.
“അന്ന് വന്നപ്പോ നിർബന്ധിപ്പിച്ചു എന്നെകൊണ്ട് എടുപ്പിച്ചതാ”
“ഹംസ… അഫ്സിലയുടെ ഉപ്പ…”
“ഇക്കാക്ക് അറിയോ ഇയാളെ?”
“എടീ ഒരുമ്പെട്ടവളെ… അയാള് നിന്നെ കാണാൻ വന്നിട്ട് നീയെന്താടി ഇത് ആദ്യമേ പറയാതിരുന്നത്? നീ ഒരു വാക്ക് പാഞ്ഞിരുന്നേൽ ഇന്ന് പാത്തു ഇവിടെ കിടക്കേണ്ടി വരുമായിരുന്നോ?”
അമ്മുവിന് നേരെ ദേഷ്യത്തോടെ നടന്നടുത്തു കൊണ്ട് അവളോട് കയർക്കുന്ന ബിനിലയെ അവളുടെ മുഖത്തെ ദേഷ്യം കണ്ട് അമ്മുവിനെ തല്ലുമെന്ന് മനസ്സിലാക്കി രഞ്ജിത പെട്ടെന്ന് കയറി പിടിച്ചു.
“ചേച്ചീ… ഒന്ന് അടങ്ങു. അവളൊന്ന് പറയട്ടെ”
ബിനിലയുടെ ദേഷ്യം കണ്ട് പേടിച്ച അമ്മു അഫ്സലിന്റെ മറപറ്റി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.