മഞ്ഞ ചുരിദാറിൽ അതിസുന്ദരിയായ ഇഷയെ നോക്കി അവൻ പുഞ്ചിരിച്ചു. അവളുടെ അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിക്ക് അവളെക്കാൾ സൗന്ദര്യമുള്ളതായി അവനു തോന്നി. അവനെ കണ്ട് ഇഷ ബെഡിൽ നിന്നും എണീറ്റു നിന്നു.
“ഇരിക്കെടോ…”
ബെഡിലേക്ക് കയറി ഇരുന്നുകൊണ്ട് അഫ്സൽ ഇഷയുടെ കയ്യിൽ പിടിച്ചു. നാണം കൊണ്ട് തുടുത്ത മുഖവുമായി അവൾ അഫ്സലിന് അരികെ ബെഡിലേക്ക് കയറി ഇരുന്നു. ഇഷയുടെ സാമീപ്യം അവന്റെ ഹൃദയമിടിപ്പിന്റെ താളം കൂട്ടുന്നത് അവൻ മനസ്സിലാക്കി…
“കുറെ നേരം ആയോ കാത്തിരിക്കാൻ തുടങ്ങീട്ട്?”
അവൾ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.
“ഫ്രണ്ട്സ് വിട്ടില്ല… രക്ഷപ്പെട്ട് പോന്നതാ…”
അതിനവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…
“ഇഷക്ക് ഇവിടം ഇഷ്ടായോ? വാപ്പയെയും ഉമ്മയെയും പിന്നെ ഈ വീടും…”
“മ്മ്മ്… ഇഷ്ടായി”
“എന്നെയോ?”
അവൾ തലയുയർത്തി അവനെയൊന്ന് നോക്കി.
“ഇഷ്ടായി…”
മണിമുത്തുകൾ പൊഴിക്കും പോലെ അവൾ അത് പറഞ്ഞപ്പോൾ അഫ്സലിന്റെ ഉള്ളിലൊരു കുളിർമഴ പെയ്തിറങ്ങി… അവന്റെ ഇടതു കരം ബെഡിൽ പതിഞ്ഞിരിക്കുന്ന അവളുടെ കയ്യിൽ അമർന്നു… അവന്റെ ആദ്യസ്പർശനം അവളിലൂടെ ഒരു വിറയൽ കടത്തി വിട്ടു.
“ഇക്കാ…”
അഫ്സലിന്റെ തോളിലേക്ക് ചാഞ്ഞു അവനെ വിളിക്കുമ്പോൾ ഇഷയുടെ ശബ്ദം വിറച്ചിരുന്നു.
“മ്മ്മ്…”
“ഇങ്ങക്ക് എന്നെ ഇഷ്ടായോ?”
“ഇഷ്ടായത് കൊണ്ടല്ലെ പെണ്ണെ നീയിപ്പോ എന്റെ മണിയറയിൽ ഇരിക്കുന്നെ”