കൂട്ടത്തിൽ പക്വത കാണിക്കുന്ന റിൻഷാദ് അഫ്സലിനെ ഉപദേശിച്ചു.
“അറിയാടാ… ഇനിയെന്റെ ജീവിതം ഇഷക്ക് വേണ്ടിയാവും… അവൾക്ക് വേണ്ടി മാത്രം…”
അത് പറയുമ്പോളും ആ മോതിരം അവന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു….
ബിസിനസ് രംഗത്ത് മികച്ചു നിൽക്കുന്ന മാളിയേക്കൽ അലിയുടെ മകന്റെ കല്യാണത്തിന് രാഷ്ട്രീയക്കാരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും എല്ലാം ഹാജർ ആയിരുന്നു. നികാഹും സൽകാരങ്ങളും എല്ലാം കഴിഞ്ഞു ഇഷ അഫ്സലിന്റെ വീട്ടിൽ കാൽ വെക്കുമ്പോൾ സമയം 6 മണി ആയിരുന്നു.
“ഇതുപോലൊരു മൊഞ്ചത്തി നമ്മുടെ നാട്ടിലെവിടെയും ഇല്ല ട്ടാ…”
“മാളിയേക്കൽ തറവാടിന് ചേർന്ന മരുമോൾ തന്നെ…”
ഇഷയെ കണ്ടവരും പരിചയപെട്ടവരും ഒന്നടങ്കം പറഞ്ഞു. അതിൽ ഇഷയുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ട സ്ത്രീകളും ഉൾപെടും.
ഏക മകനായി ജനിച്ച വീട്ടിൽ ഒരാൺകുട്ടിക്ക് സ്വന്തം കല്യാണത്തിന് പോലും സ്വസ്ഥമായി ഇരിക്കാൻ വയ്യാത്ത നാടാണ് കേരളമെങ്കിലും അഫ്സലിനെ ആ പ്രശ്നം ബാധിച്ചതെ ഇല്ല. എല്ലാത്തിനും മേൽനോട്ടം വഹിച്ചുകൊണ്ട് അവന്റെ നാട്ടുകാർ ഉണ്ടായിരുന്നു.
രാത്രി അല്പം വൈകിയാണ് നിയാസും ഷബീബും അവനെ മണിയറയിലേക്ക് പോകാൻ അനുവദിച്ചത്. അതും റിൻഷാദിന്റെ വഴക്ക് കൊണ്ട് മാത്രം. ആശംസകൾ അറിയിച്ചു കൂട്ടുകാർ പിരിഞ്ഞശേഷമാണ് അഫ്സലിനെ പിരിമുറുക്കം പിടികൂടിയത്.
പെണ്ണ് കാണാൻ പോയ ദിവസം അഞ്ചു മിനിറ്റ് സംസാരിച്ചതൊഴിച്ചാൽ അവളെ പറ്റി അവനൊന്നും അറിയില്ല… മണിയറയുടെ വാതിൽപടികൾ കടക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിക്കുന്നത് അവൻ അറിഞ്ഞു.