ആ കാഴ്ചയും കണ്ടുകൊണ്ടാണ് ജിൻസി കയറി വന്നത്. കയ്യിൽ ഒരു പാക്കറ്റുമായി കയറി വന്ന അവൾ അവിടുത്തെ കാഴ്ചകണ്ടു അമ്പരന്നു എല്ലാവരുടെയും മുഖത്തേക്ക് അവൾ മാറി മാറി നോക്കി. ജിൻസിയെ കണ്ടതും കരഞ്ഞുകൊണ്ട് ചാടി എണീറ്റ അമിത്തിന്റെ കോളറിൽ കുത്തിപിടിച്ചു ജിത്ത് അവനെ സോഫയിലേക്ക് തള്ളിയിരുത്തി.
“നീ ഈ കൊച്ചിനെ കൊല്ലാൻ കൊടുത്തിട്ടു എവിടെ പോയേക്കുവാരുന്നെടി..?”ജ്യോത്സ്ന ദേഷ്യത്തോടെ ജിൻസിയുടെ നേരെ ചീറി. ജിൻസി എന്ത് മറുപടി പറയണമെന്നറിയാതെ അമിത്തിനെ തുറിച്ചു നോക്കി. അടികൊണ്ട് വീർത്തിരിക്കുന്ന അവന്റെ മുഖം കണ്ടപ്പോളെ അവൾക്ക് കാര്യം പിടി കിട്ടി. സ്വയം ലജ്ജയോടെയും വിഷമത്തോടെയും നിന്ന അവളുടെ കണ്ണുകൾ തുളുമ്പി വന്നു. അത് കണ്ടപ്പോൾ ജ്യോത്സ്നയുടെ മനസ്സല്പം അയഞ്ഞു. അവൾ ചെന്ന് ജിൻസിയുടെ കയ്യിൽ പിടിച്ചു.
“മോളെ ഇനി ഇവനെ ഇവിടെ നിർത്താൻ പറ്റില്ല. നീ എന്തെങ്കിലും തീരുമാനം എടുക്ക്”. ജ്യോത്സ്ന പറഞ്ഞത് ജിൻസി തലകുലുക്കി കേട്ടു. ഇടി മേടിച്ചു വീർത്തിരിക്കുന്ന അമിത്തിന്റെ മുഖത്തേക്ക് അവൾ അവജ്ഞയോടെ നോക്കി. സാറയെയും വിളിച്ചുകൊണ്ടു ജിൻസി റൂമിലേക്ക് നടന്നു. ഒപ്പം ജ്യോത്സ്നയും.
എന്താണ് നടന്നത് എന്ന് ജിൻസി അവരോട് ചോദിച്ചറിഞ്ഞു. അവനെ പറഞ്ഞുവിട്ടിട്ട് നിനക്ക് വേണമെങ്കിൽ ഇവിടെ നിൽക്കാം എന്ന് സാറ അവളോട് അറിയിച്ചു. താനിവിടെ നിന്നാൽ അവൻ ഇനിയും കയറി വരുമെന്നും, സാറക്കതു ബുദ്ധിമുട്ടാകുമെന്നും അറിയിച്ചു ജിൻസി ബാഗ് എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി.
രണ്ടു ദിവസത്തിനുള്ളിൽ അടുത്ത ഇന്റർവ്യു കഴിയുന്നതുവരെ എവിടെയെങ്കിലും റൂമെടുത്തു താമസിക്കാൻ അവൾ തീരുമാനം എടുത്തു. സാറ തന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന കുറച്ച് തുക നിർബന്ധപൂർവം അവളെ ഏല്പിച്ചു. ജിൻസി വന്നു സാറയെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അത് കണ്ടു നിന്ന ജ്യോത്സ്നക്കും കണ്ണീടക്കാനായില്ല.