ഇന്ന് സുകുമാരനോട് ചില കാര്യങ്ങൾ സംസാരിക്കാൻ വിജയൻ തീരുമാനിച്ചിട്ടുണ്ട്..
എല്ലാം റീനയവനോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്..
“എടാ സുകൂ… നീയിങ്ങോട്ടിറങ്ങിയേ.. ഇവിടെ താഴേ കുറച്ച് പണിയുണ്ട്…”
വിജയൻ മുകളിലേക്ക് നോക്കി വിളിച്ച് പറഞ്ഞു..
“ഇത് തീർത്തിട്ട് ഇറങ്ങിയാ പോരേ വിജയേട്ടാ… ?”..
“നീയിങ്ങോട്ടിറെങ്ങടാ… അത് രമേശൻ തീർത്തോളും… നീയിങ്ങ് വാ…”
സുകുമാരൻ തട്ടിൽ നിന്ന് നിലത്തേക്കിറങ്ങി..
“എന്താടാ നിനക്കിന്ന് ഒരുൻമേഷമില്ലാത്തത്… ?..
ഒരു മാതിരി നനഞ്ഞ പൂച്ചയെപ്പോലെ…”
അവനെ അടിമുടി നോക്കിക്കൊണ്ട് വിജയൻ ചോദിച്ചു..
“ഒന്നൂല്ല വിജയേട്ടാ…”
അവൻ നിലത്തേക്ക് നോക്കിപ്പറഞ്ഞു..
“ഉം… നീയൊരു കാര്യം ചെയ്യ്… ഈ ഡ്രസൊക്കെയൊന്ന് മാറ്റ്… നമുക്കൊരിടം വരെ പോണം…”
സുകു ഒന്നും മനസിലാവാതെ വിജയനെ നോക്കി..
“ചെല്ലെടാ…”
സുകുമാരൻ പോയി ഡ്രസ് മാറ്റി വന്നപ്പോ, വിജയൻ ഒരു ബൈക്കിലിരിക്കുന്നു..
“ഇതേതാ വിജയേട്ടാ ബൈക്ക്… ?”
അവൻ അൽഭുതത്തോടെ ചോദിച്ചു..
“ഇത് ഇക്ക വാങ്ങിത്തന്നതാടാ…
സൈറ്റിലേക്ക് വരാനും പോവാനും എപ്പഴും ഓട്ടോ വിളിക്കണ്ടല്ലോ…”
വിജയന്റെ ജോലിക്കയറ്റത്തിൽ ചെറിയൊരു അസൂയ ഉണ്ടായിരുന്ന സുകുവിന് ഇത് കൂടി കേട്ടപ്പോ അസൂയ കൂടി..
വിജയേട്ടനും, താനും ഒരുമിച്ച് ഇക്കാന്റൊപ്പം പണിക്ക് കേറിയതാണ്..
ഇങ്ങേർക്കെങ്ങിനെയാണ്കയറ്റം കിട്ടിയതെന്ന് അവന് എത്ര ചിന്തിച്ചിട്ടും അവന് മനസിലായിട്ടില്ല..
ഏതായാലും അവൻ ബൈക്കിന് പിന്നിൽ കയറി..
എവിടേക്കാണ് പോകുന്നത് എന്നൊന്നും അവനറിയില്ലായിരുന്നു..