ടൗണിലെ ഏറ്റവും വലിയ ബാറിന് മുന്നിൽ വണ്ടി നിർത്തിയപ്പോ സുകുമാരന്റെ കിളി പോയി..
നല്ല കുടിയനായിട്ടും ഈ ബാറിലേക്ക് ഇത് വരെ അവൻ വന്നിട്ടില്ല..
അവനേയും വിളിച്ച് മുകളിലെ എ സി ബാറിലേക്ക് വിജയൻ കേറിയപ്പോ വീണ്ടും അവൻ അമ്പരന്നു..
വിജയേട്ടനും, താനുമൊക്കെ എന്നും ലോക്കൽ ബാറിൽ നിന്നാണ് കുടിച്ചിരുന്നത്..
ഇങ്ങേർക്കിതെന്ത് പറ്റി… ?..
പതിനൊന്ന് മണി നേരത്ത് ബാറിൽ തീരെ തിരക്കില്ല… ഒഴിഞ്ഞ കോണിലുള്ള ഒരു മേശയിൽ രണ്ടാളുമിരുന്നു.. മങ്ങിയ വെളിച്ചത്തിൽ പരസ്പരം കാണാമെങ്കിലും മുഖഭാവം തിരിച്ചറിയാൻ കഴിയില്ല..
“സുകൂ… വേണ്ടത് പറഞ്ഞോ… ഇന്നെന്റെ ചെലവാണ്.. “
കുറച്ച് പൈസ ബാക്കിയില്ലേൽ റീന വഴക്ക് പറയുമെന്ന് പറഞ്ഞ് പിശുക്കിക്കുടിക്കുന്ന വിജയേട്ടൻ തന്നെയാണോ ഇത് പറഞ്ഞതെന്ന് സുകുവിന് വിശ്വാസം വന്നില്ല…
ഇങ്ങേർക്കെന്തോ പറ്റിയിട്ടുണ്ട്..
താൻ കെഞ്ചിപ്പറഞ്ഞിട്ടും ഒരു പെഗ്ഗ് പോലും വാങ്ങിത്തരാത്ത നാറിയാണ്..
സപ്ലയർ വന്നതും വിജയൻ കൂടിയ ഏതോ ബ്രാന്റ് പറഞ്ഞു.. അതും ഒരു പെഗ്ഗ്…
“നിനക്ക് വേണ്ടത് നീ പറഞ്ഞോ…”
സുകുവിന് എന്താണ് പറയേണ്ടതെന്ന് മനസിലായില്ല..
എങ്കിലും അവൻ സാധാരണ കുടിക്കുന്ന കൂതറ സാധനം തന്നെ അവൻ പറഞ്ഞു..
സാധനം മുന്നിൽ കിട്ടിയതും സുകു രണ്ടെണ്ണം ഒരുമിച്ച് കീറി..
ഓരോ സിപ്പായി പതിയെ വിജയൻ അടിക്കുന്നത് കണ്ട് സുകൂന് അൽഭുതമായി.. മൂടോടെ വിഴുങ്ങുന്നവനാണ് വിജയേട്ടൻ..
ഇങ്ങേരിത് അടിമുടി മാറിയല്ലോന്ന് അവൻ ചിന്തിച്ചു..
“സുകൂ… ഇന്നലെ എന്തായിരുന്നെടാ വീട്ടിൽ… ?..
നീയും, സിന്ധൂം തമ്മിൽ വഴക്ക് കൂടിയോ… ?”..