ബുധനൂരിൽ താമസിച്ചിരുന്ന ശിവൻകുട്ടിക്കും സീതയ്ക്കും കൂടി ഒരൊറ്റ മോനാണ് അജയൻ.കൃഷിയായിരുന്നു അവരുടെയൊക്കെ വരുമാനവും ജോലിയുമൊക്കെ.പുഞ്ചപ്പാടത്ത് സ്വന്തമായുള്ള തൊണ്ണൂറു സെന്റ് കണ്ടത്തിൽ നെൽകൃഷി ചെയ്താണ് അമ്മയും അച്ഛനും അജയനെ വളർത്തിക്കൊണ്ടു വന്നത്.അവൻ പഠിച്ച് നല്ല ജോലിയൊക്കെ നേടട്ടെ എന്ന് കരുതി അവനെ അച്ഛനും അമ്മയും കൂടി പാടത്ത് പണിക്കൊന്നും ഇറക്കാതെ പഠിപ്പിച്ചതാണ്.അജയന് ഒരു സർക്കാർ ജോലിയൊക്കെ ആയിട്ട് കല്യാണമൊക്കെ കഴിപ്പിക്കാമെന്ന് കരുതിയിരുന്ന ശിവൻ കുട്ടിയും സീതയും അവനു വയസ്സ് ഇരുപത്തഞ്ചായപ്പോഴാണ് പ്രായത്തെ പറ്റി ചിന്തിച്ചു തുടങ്ങിയത്.ഒന്ന് രണ്ടു ബ്രോക്കർമാരോടൊക്കെ പറഞ്ഞു വെച്ചപ്പോഴാണ് ആ കുടുംബത്തിലേക്ക് അജയൻ ഒരാറ്റംബോംബിട്ടത്.
ഒരു ദിവസം പാടത്ത് കറ്റ മെതിച്ചോണ്ടിരുന്നപ്പോഴാണ് കുന്നുംപുറത്തെ ശാന്ത വന്നു പറഞ്ഞത്.പെട്ടന്ന് വീട്ടിലോട്ടു ചെല്ല് അവിടെ വിരുന്നുകാരാരാണ്ട് വന്നിട്ടുണ്ടെന്ന്.ആരാണ് വിരുന്നുകാര് വരാനുള്ളത് എന്നോർത്ത് കൊണ്ട് കറ്റയെല്ലാം ഒതുക്കി മെതിച്ചു വെച്ച് നെല്ലിന് പുറത്ത് കൂടെ പടുതാ വലിച്ചിട്ടു ശിവൻകുട്ടിയും സീതയും കൂടി ധൃതിയിൽ വീട്ടിലേക്കു പൊന്നു.വീട്ടിലെത്തിയപ്പോഴാണ് അയൽവക്കത്തുള്ള എല്ലാവരും മുറ്റത്തുണ്ട്.വാതിലൊക്കെ തുറന്നു കിടക്കുന്നു.ആകാംഷയോടെ ശിവൻ കുട്ടിയും സീതയും അകത്തേക്ക് ചെന്ന് നോക്കിയപ്പോളുണ്ട് അജയനും ഒരു പെണ്ണും ഡൈനിങ് ടേബിളിന്റെ കസേരയിലിരിക്കുന്നു.അപ്പുറത്തെ ശൈലജ ചേച്ചി ചായയുണ്ടാക്കിക്കൊടുത്ത് കൊണ്ട് അടുത്ത് തന്നെ നിൽക്കുന്നുണ്ട്.കാര്യം മനസ്സിലാകാതെ ശിവൻ കുട്ടിയും സീതയും പരസ്പരം നോക്കി.ശൈലജയാണ് കാര്യം പറഞ്ഞു കൊടുത്തത്