രവി കിട്ടിയ സമയംകൊണ്ട് ചുറ്റും വീക്ഷിച്ചു. ട്യൂബ് ലൈറ്റുകൾ പകൽ വെളിച്ചം തീർത്തിരിക്കുന്ന ചെറുതല്ലാത്ത എന്നാൽ ഒരു കൊച്ചു ടൗണിനെ ഓർമ്മിപ്പിക്കുന്ന ഗ്രാമം. എങ്കിലും ഗ്രാമത്തിന്റെ തനതായ ഭംഗിയും എങ്ങും നിഴലിക്കുന്നുണ്ട് . വീടിരിക്കുന്നിടം ഒരു കൊച്ചു ഫാമിനെ ഓർമിപ്പിക്കുന്നു. അൽപ്പം അകലെയായി ഓടിട്ടതും അല്ലാത്തതുമായ ചെറു വീടുകൾ. മിക്കതും അടഞ്ഞുകിടക്കുന്നു. പെട്ടെന്ന് കറണ്ട് പോയീ. എങ്ങും കൂരാക്കൂരിരുട്ട്.
“ദൈവമേ… ഇനി ഇപ്പോൾ വരാനാ കറണ്ട്…” ഒരുവന്റെ ആത്മഗതം.
“ഇനി ഇന്ന് നോക്കേണ്ട…” മറ്റൊരുവന്റെ കമന്റ്
“പെട്രോമാക്സ് കാണുമായിരിക്കും…” ആദ്യം പറഞ്ഞവൻ പറഞ്ഞു
ഇതാണ് പറ്റിയ അവസരം. കല്യാണവീട്ടിൽ വെട്ടം വരാൻ അല്പസമയം എടുക്കും. മറ്റുവീടുകൾ ഇരുട്ടിൽ ആയിരിക്കും. രവി എഴുന്നേറ്റ് കുറച്ചപ്പുറത്തുള്ള വീടുകൾ ലക്ഷ്യമാക്കി നടന്നു. കണ്ണിൽ കണ്ട മെച്ചപ്പെട്ട, കയറാൻ സൗകര്യം തോന്നിച്ച ഒരു വീട്ടിലേക്ക് പതുങ്ങി കയറി. സൈഡിൽ കണ്ട ഡോറുവഴി വീട്ടിലേക്ക് കയറാൻ പദ്ധതി രൂപപ്പെടുത്തി വൈകാതെ അകത്ത് കയറി. കൈയ്യിൽ കരുതിയ ടോർച്ചിൽ ഉടുമുണ്ടിന്റെ അറ്റം പൊതിഞ്ഞ് വെട്ടം കുറച്ച്, മുറികൾ ഒന്നൊന്നായി പരതി. അവസാനം അടച്ചിട്ട അലമാരിയുടെ ലോക്ക് അതിവിദഗ്ദമായി തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന ഒന്നുരണ്ട് ആഭരണങ്ങളും കുറച്ച് പൈസയും എടുത്ത് അലമാരി അടച്ച്, വന്നവഴി പുറത്തേക്ക് നടന്നു.
തിരിച്ച് കല്യാണവീട്ടിൽ എത്തിയതും ക്ലാര ഓടിവന്നു.
“ഈ ഇരുട്ടിൽ എവിടെ പോയീ…” ക്ലാരയെന്ന സന്യാസിനി കൈയ്യിൽപിടിച്ച് ചോദിച്ചു.
“ഞാൻ കാറ്റ്കൊള്ളാൻ… വെറുതെ.. പുറത്ത്…” രവി പറഞ്ഞൊപ്പിച്ചു. മോഷ്ടിക്കാൻ ഇറങ്ങിയെന്ന് പറയാൻ രവിക്ക് കഴിഞ്ഞില്ല.
“കാണാതായപ്പോൾ ഞങ്ങൾ കഴിച്ചു… നല്ല തിരക്കുണ്ട്… വേഗം കഴിച്ചോളൂ…” ക്ലാര തിരക്കുകൂട്ടി.
“എന്തിനാ ധൃതി..?? സത്യത്തിൽ വിശപ്പില്ല…” രവി പറഞ്ഞു.
“വിശപ്പ് മാറാൻ തക്ക ഒന്നും ഞാൻ തന്നില്ലല്ലോ…” ക്ലാര ചുറ്റും നോക്കി പറഞ്ഞു. രവിക്ക് ചിരിപൊട്ടി.