ഇതുവരെ ഇല്ലാത്തത് പോലെ സുനന്ദയുടെ സംസാരത്തിൽ ഒരു ട്യൂൺ വിത്യാസം വന്നത് ദേവരാജ്വ് ശ്രദ്ധിച്ചു…
” ആ വരത്തന്റെ ധൈര്യത്തിലാണ് നിന്റെ തന്ത കളിക്കുന്നത്.. അവന്റെ ശവം ആനയിറങ്ങൽ ഡാമിൽ പൊങ്ങുന്നതുവരെ അയാൾ കളിക്കട്ടെ.. ”
ആരുടെ പൊങ്ങും ആരുടെ താഴും എന്ന് നിനക്ക് താമസിക്കാതെ മനസിലാകുമെടാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ വീടിനുള്ളിലേക്ക് കയറി പോയി…
കാറുമായി വന്ന വിജയനോട് പ്രമീള ചോദിച്ചു..
“അവനുമായി വഴക്കുണ്ടായോ വിജയാ.. ”
” ഇല്ല ചേച്ചീ.. ആള് അവിടെ ഇല്ലായിരുന്നു..സുനന്ദയാണ് ചാവി തന്നത്.. ”
” അവൾ വണ്ടി കൊണ്ടു പോകുന്നതിൽ എതിർപ്പൊന്നും പറഞ്ഞില്ലേ.. ”
” ഇല്ല.. ഇല്ലന്ന് മാത്രമല്ല സന്തോഷിക്കുകയും ചെയ്തു.. അവൾക്ക് ഇപ്പോൾ വല്ലാത്ത കുറ്റബോധം ഉണ്ട് ചേച്ചീ.. വല്ലാത്ത ഒരു അവസ്ഥയിലാണ് അവൾ.. ഇങ്ങോട്ട് വരണമെന്നും അങ്കിളിനെയും ചേച്ചിയെയും കാണണമെന്നുമൊക്കെ
അവൾക്ക് ആഗ്രഹമുണ്ട്.. ദേവരാജിനെ പേടിച്ചാണ് വരാത്തത്.. ”
” സത്യമാണോ വിജയാ.. അവൾ ഇതൊക്കെ നിന്നോട് പറഞ്ഞോ..
ഇതറിഞ്ഞാൽ ശേഖരേട്ടന് വലിയ സന്തോഷമാകും.. ”
“ചേച്ചി കണ്ടോ.. അധികം താമസിയാതെ അവൾ ഇങ്ങോട്ട് വരും
നിങ്ങൾ എല്ലാവരും പഴയപോലെ ഇവിടെ ജീവിക്കും.. ”
” ഞങ്ങൾ എല്ലാവരുമോ.. അതിൽ നീയില്ലേ..?”
” അതിൽ ഞാൻ എന്തിനാണ്.. എനിക്ക് എന്ത് റോളാണ് അവിടെയുള്ളത്.. ഞാൻ എവിടുന്നോ വന്നു.. വന്നപോലെ പോകും.. ”
” നിന്നെ വിടണോ വേണ്ടയോ എന്ന് ശേഖരേട്ടൻ തീരുമാനിക്കും.. പിന്നെ ഞാനും.. ”
അവസാനത്തെ വാക്ക് വളരെ പതിയെ അവന് മാത്രം കേൾക്കാൻ പറഞ്ഞത് പോലെ വിജയന് തോന്നി..