വളരെ നാളുകൾക്കു ശേഷം പുറത്തെ വായു ശ്വസിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം തന്റെ ഭർത്താവിന്റെ മുഖത്ത് അവൾ കണ്ടു..
വീൽ ചെയറിന്റെ ഹാൻഡിലിൽ പിടിച്ചു പുറകിൽ നിന്നും തള്ളുന്ന വിജയനോട് ആഹ്ലാദത്തോടെ എന്തൊക്കെയോ അയാൾ സംസാരിക്കുന്നുണ്ട്…
മുറ്റത്ത് വളർന്നു നിൽക്കുന്ന ഇലഞ്ഞി മരത്തിലും മാവിലും ശേഖരൻ തഴുകി.. പൂത്തു നിൽക്കുന്ന ചെമ്പകം മൂന്ന് വർഷം കൊണ്ട് വളരെയധികം വളർന്നല്ലോയെന്ന് അയാൾ ഓർത്തു..
ഷെഡ്ഡിൽ കിടക്കുന്ന ടോപ്ലെസ് ജീപ്പിലേക്ക് നോക്കി അയാൾ പറഞ്ഞു..
“ഞാൻ ഇവിടെയൊക്കെ കറങ്ങിയിരുന്നത് ഈ ജീപ്പിലാണ്.. ഇപ്പോൾ ഉപയോഗിക്കാതെ കിടക്കാൻ തുടങ്ങിയിട്ട് കുറേ നാളായി.. ബാറ്ററി യൊക്കെ പോയിക്കാണും. ഇതിന്റെ താക്കോൽ ദേവരാജ് കൊണ്ടുപോയി
എന്ന് പ്രമീള പറയുന്നത് കേട്ടു…”
“ജീപ്പ് ഞാൻ ശരിയാക്കിക്കൊള്ളാം അങ്കിൾ.. എനിക്ക് ഇവിടെ ഒരു വണ്ടിയുടെ ആവശ്യമുണ്ട്..”
ഒരു മെക്കാനിക്കിനെ വിളിച്ചു കൊണ്ടു വന്ന് രണ്ടു ദിവസത്തിനുള്ളിൽ ജീപ്പ് നന്നാക്കിയെടുത്തു..
വിജയന്റെ ഓരോ പ്രവർത്തിയും ശേഖരന് അവനിലുള്ള വിശ്വാസം വർധിപ്പിച്ചു.. വണ്ടി നന്നാക്കിയ അന്ന് തന്നെ ശേഖരനെ വണ്ടിയിൽ എടുത്തിരുത്തി എസ്റ്റേറ്റ് മുഴുവൻ വിജയൻ കറങ്ങി…
ഇനിയൊരിക്കലും കാണില്ലന്ന് കരുതിയ മുതലാളി ജീപ്പിൽ ഇരിക്കുന്നത് കണ്ട് തൊഴിലാളികൾ അത്ഭുതപ്പെട്ടു…
എസ്റ്റേറ്റിന്റെ ഓഫീസിൽ ശേഖരനെ എടുത്തു കൊണ്ടുപോയി മുതലാളിയുടെ കസേരയിൽ ഇരുത്തി..
മൂന്ന് വർഷമായി ദേവരാജ് ഇരിക്കുന്ന കസേരയിൽ ശേഖരനെ കണ്ട് പുതിയ ജോലിക്കാർ അന്തം വിട്ടു..ഇതാണ് യഥാർത്ഥ മുതലാളി എന്ന് പഴയ ജോലിക്കാരിൽ നിന്നും അവർ അറിഞ്ഞു…