എൽ ഡൊറാഡോ 2 [സാത്യകി]

Posted by

 

ഇവിടെ ഓരോ കളികളും ഓരോ കളിയവസരങ്ങളാണ്. ഡും ഡും മാലാഖ എനിക്ക് വാതിൽ തുറന്നിട്ടെങ്കിൽ കളിക്കളത്തിൽ എന്നെ എത്തിച്ചത് സാറ്റ് ആണ്. ഒളിച്ചു കളി..! ഒളിച്ചിരിക്കാൻ ധാരാളം സ്‌ഥലമുള്ള പിച്ചിക്കാവിൽ സാറ്റ് ഒരു വിഷമം പിടിപ്പിക്കുന്ന കളി തന്നെ ആയിരുന്നു. അത് കൊണ്ട് എണ്ണുന്ന ആൾ നല്ലപോലെ കുഴയും.. പറമ്പിൽ നിൽക്കുന്ന ഒരു വലിയ ആഞ്ഞിലി മരം ആയിരുന്നു എണ്ണുന്ന സ്‌ഥലം. അതിന്റെ പിന്നിൽ ഒഴിച്ച് പിച്ചിക്കാവിലെ എവിടെയും ഒളിക്കാമെന്നാണ് ഇവിടുത്തെ നിയമം. കളിക്കുന്ന ആളിന്റെ എണ്ണം അനുസരിച്ചു പത്തു വച്ചു ഗുണിച്ചു എണ്ണണം. അഞ്ചു പേര് ഒളിക്കുന്നുണ്ട് എങ്കിൽ അമ്പത് വരെ എണ്ണണം. പത്തു പേരാണെങ്കിൽ നൂറ് വരെ. മുഴുവൻ പേരെയും സാറ്റ് അടിക്കാൻ പറ്റിയില്ല എങ്കിൽ അടുത്ത കളിയും ആദ്യത്തെ ആൾ തന്നെ എണ്ണണം. പക്ഷെ അപ്പോൾ സാറ്റ് അടിച്ച ആളുടെ എണ്ണത്തെ വച്ചു ഗുണിച്ചുള്ള സംഖ്യ എണ്ണിയാൽ മതി. രണ്ട് പേര് സാറ്റ് അടിച്ചെങ്കിൽ ഇരുപത്. അത് പെട്ടന്ന് എണ്ണി തീർക്കുന്ന കൊണ്ട് ദൂരെ വരെ പോകാൻ മിക്കവർക്കും കഴിയില്ല. അങ്ങനെ എല്ലാവരെയും പിടിക്കാൻ പറ്റും.. ആദ്യം കണ്ടു പിടിക്കപ്പെട്ട ആൾ പിന്നെ എണ്ണണം… അതാണ് കളി..

 

ഞാൻ മിക്ക കളിയും തോറ്റു കൊടുക്കുന്ന പോലെ സാറ്റിലും ഇടക്ക് തോറ്റു കൊടുക്കും. ഓടിയെത്തി ഇവരെ എല്ലാവരേക്കാൾ മുന്നേ സാറ്റ് അടിക്കാൻ എനിക്ക് പറ്റും. പക്ഷെ അപ്പോൾ ഒരാൾ തന്നെ എണ്ണേണ്ടി വരും. കളി മടുപ്പ് ആകും.. അത് കൊണ്ട് ചിലപ്പോ ഒക്കെ ഞാൻ മനഃപൂർവ്വം പിടികൊടുത്തു.. ഒരു തവണ എന്റെ സാറ്റ് മാത്രം ഉള്ളത് കൊണ്ട് പത്തു വരെയേ സ്നേഹ ചേച്ചിക്ക് എണ്ണേണ്ടി വന്നുള്ളൂ. പത്തു എണ്ണുന്നതിന് ഉള്ളിൽ ഒളിക്കാൻ ഒരു സ്‌ഥലം നോക്കി ഞങ്ങൾ പാഞ്ഞു. ഞാനും രേഷ്മയും ഓടിക്കയറിയത് റംല ഇത്തയുടെ വീട്ടിലേക്ക് ആണ്.. വീട്ടിൽ കയറി ഞങ്ങൾ മിണ്ടാതെ ഒളിച്ചിരുന്ന്.. മിണ്ടിയാൽ സ്നേഹ ചേച്ചി കേട്ടാലോ.. പിന്നെ നമ്മൾ ഒളിച്ചിരിക്കുന്നത് വീട്ടുകാർ കണ്ടാൽ അവർ ചിലപ്പോ ക്ലൂ കൊടുക്കാൻ സാധ്യത ഉണ്ട്. അത് കൊണ്ട് ഞാനും രേഷ്മയും അവിടെ കയറിയത് റംല ഇത്ത അറിഞ്ഞില്ല..

Leave a Reply

Your email address will not be published. Required fields are marked *