‘ദേ ഡാ.. ശിവ….’
‘ദൈവമേ എന്തൊരു മുടിഞ്ഞ സൗന്ദര്യം.. എടുത്തു വീട്ടിൽ കൊണ്ട് പോവാൻ തോന്നുന്നു..’
‘നോക്കി ഇരുന്നോ….’
മുന്നിലെ ചേട്ടന്മാരുടെ കമന്റടി കേട്ട് എനിക്ക് ചേച്ചിയെ കാണാൻ വല്ലാതെ പരവേശം ആയി. എത്തികുത്തി ഞാൻ നോക്കി. രക്ഷയില്ല. അവസാനം ആളുകളെ വകഞ്ഞു മാറ്റി ഒരുവിധം ഞാൻ മുന്നിലെത്തി.. കാണാൻ ആഗ്രഹിച്ച ആളെ ഞാൻ കൊതിയോടെ കണ്ടു..
ഒരു ചുവന്ന സാരി ആണ് ശിവ ധരിച്ചത്. ആ ചുവപ്പിനെക്കാൾ കത്തുന്ന നിറമാണ് അവളുടെ ദേഹത്തിന്. ജസ്‌ന ഇത്തയെ പോലെ പെയിന്റ് അടിച്ച പോലത്തെ നിറമല്ല. നല്ല പവൻ നിറം. മുഖം എങ്ങനെ വിവരിക്കണം എന്ന് പോലും എനിക്കറിയില്ല. ടീവിയിൽ സാരിയുടെ പരസ്യങ്ങളിൽ വരുന്ന സുന്ദരിമാരില്ലേ… അത് പോലെ സൗന്ദര്യമുള്ള മുഖം.. നീളവും അതിനൊത്ത വണ്ണവും എല്ലാം പാകത്തിന്.. ചുണ്ടിന് ചെഞ്ചുവപ്പ്…
പക്ഷെ എന്റെ ഹൃദയത്തെ നിശ്ചലം ആക്കിയത് ആ കണ്ണുകൾ ആണ്. ആരെയും കൂസാത്ത ഉറച്ച പച്ച നിറമുള്ള കണ്ണുകൾ. പൂച്ചക്കണ്ണല്ല. മറ്റൊരു പച്ച.. മരതകം പതിച്ച പോലത്തെ ആ കണ്ണുകളിൽ ഞാൻ ആരാധനയോടെ നോക്കി.. പൊന്മലയിലെ ദേവിയെക്കാൾ ഇപ്പൊ ഇവിടെ ആരാധിക്കപ്പെടുന്നത് താലം എടുത്തു വരുന്ന ഈ ദേവി ആണെന്ന് എനിക്ക് തോന്നി.. ചുറ്റും ആരാധനയോടെ നിൽക്കുന്ന ആൺകുട്ടികളുടെ നോട്ടങ്ങളെ ഒന്നും അവൾ കാടാക്ഷിച്ചില്ല. ഗ്രൗണ്ടിൽ വന്ന ചേട്ടന്മാർ എല്ലാം ഒരു തവണ എങ്കിലും ഇവളെ കുറിച്ച് എന്നോട് ചോദിച്ചിട്ടുണ്ട്. അതെന്താ എന്ന് എനിക്ക് ഇപ്പൊ മനസിലായി..