“ ദേ അച്ചൂൻ്റെ അമ്മ വിളിക്കുന്നു. വേഗം ചെല്ല്. ”
മേശപ്പുറത്തിരുന്ന മിഠായി ഭരണികൾ ക്രമപ്പെടുത്തികൊണ്ട് രഘവേട്ടൻ പറഞ്ഞു. അതാണ് ഇവളുടെ അമ്മയെന്ന് ഞാൻ മനസ്സിലാക്കുന്നത് ഒരു ആശ്ചര്യത്തോടെയാണ്. മകളുടെ സൗന്ദര്യത്തിൻ്റെ രഹസ്യം എന്തെന്ന് ഇനിയാരും ചോദിക്കില്ല. സത്യത്തിൽ ലക്ഷ്മി ദേവിയെ പോലെ. ഇത്രയും വലിയൊരു മോളുണ്ടെന്ന് ആരും പറയില്ല. എണ്ണ തേച്ച് മിനുക്കിയ മുടിയിൽ വെയിൽ തട്ടുമ്പോ അതിങ്ങനെ സ്വർണമോ വെള്ളിയോ ഒക്കെപോലെ തോന്നും. ഉടുത്തിരുന്ന സെറ്റ് സാരിയിൽ ഒരു ഓടിവൊ ചുളുവോ ഒന്നും കാണാനില്ല. കയ്യിലൊരു വാഴയിലയിൽ എന്തോ ഒന്ന് പൊതിഞ്ഞ് പിടിച്ചിട്ടുണ്ട്. കേരള സ്ത്രീത്വത്തിൻ്റെ അംബാസിഡർ വേണേൽ ആക്കാം. അത്രക്ക് ഉണ്ട് .
അമ്മയെ കണ്ടയുടനെ എല്ലാരോടും യാത്ര പറഞ്ഞ് അച്ചുവിറങ്ങി. സാരിയെപറ്റി എന്നോട് ചോദിച്ചെങ്കിലും യാത്ര പറച്ചിലിൽ എന്നെ ഉൾപെടുത്തിയില്ല. കടയിൽ നിന്നും ഓടി അവള് അമ്മയ്ക്കൊപ്പം നടന്നു. അമ്മയോടൊപ്പം നിന്നാൽ ചേച്ചിയും അനിയത്തിയും അത്രേ പറയൂ.
“ പാവം.. കാണാൻ ചന്തമൊക്കെ ഒണ്ടേലും ദൈവം അതിന് ബുദ്ധി കൊടുത്തില്ലല്ലോ.”
എൻ്റെ നോട്ടത്തിൽ നിന്നും ചിന്തകളിൽനിന്നും ഒക്കെ ഉണർത്തിയത് ലതചേച്ചിയുടെ സഹതാപ വാക്കുകളാണ്.
ഒരു ചോദ്യ ഭാവത്തിൽ ഞാൻ ചേച്ചിയെ നോക്കി. ഒന്നുരണ്ട് ആഴ്ചത്തെ പരിചയത്തിൽ അവർക്ക് എന്നോട് അതിനെക്കുറിച്ച് പറയാനുള്ള സ്വാതന്ത്ര്യം ഞാൻ ഈ കടയിൽ നേടിയെടുത്തിട്ടുണ്ട്.
എങ്കിലും ഞാനായിട്ട് തന്നെ ചോദിച്ചു.
“ ആ പെണ്ണിന് എന്തേലും പ്രശ്നമുണ്ടോ ”
ഒരു മയത്തിലാണ് ഞാൻ ചോദിച്ചത്.