“” നമ്മക്ക് പിന്നെ, പാമ്പ് കടിച്ചില്ലേലും എന്നുമിപ്പോ അത്താഴ പട്ടിണിയാണ്… അതെല്ലാരുമൊന്ന് മനസിലാക്കിയാ കൊള്ളാം… “”
അവള് കേൾക്കാനായി ഒന്ന് മുരണ്ടതും, പുള്ളിക്കാരി ഒന്ന് ചിണുങ്ങി ചിരിക്കുന്ന കേട്ടു, പിന്നൊരിടി ന്റെ പുറത്ത്
“” അഹ്… ഇനി കുറച്ച് നാളുടെ അത്താഴപ്പട്ടിണി കിടക്കണ്ട വരും ആളൊള്.. അതും ല്ലാരുമൊന്ന് മനസിലാക്കി ഇരിക്കുന്നെ നല്ലെയാ.. “”
ഏറ്റില്ല….!!! കൂടുതൽ ചികയാതെ ഞങ്ങൾ നേരെ മുറ്റത്തേക്ക് കയറി. ഇവിടിപ്പോ ശ്രീധരൻ വല്യച്ഛനും രമണി വല്യമ്മേയും പിള്ളേരുമേ ഉള്ളു.
ബാക്കിയുള്ളൊരൊക്കെ ദൂരെയല്ല അപ്പുറം ഇപ്പുറത്തൊക്കെയായിട്ടാണ് വീട്.
“” ഇവിടാരൂല്ലേ…?? “” ഞാൻ അകത്തേക്ക് കുറച്ച് നീട്ടി വിളിച്ചു. അതുടെ കേട്ടതും അവളെന്റെ കയ്യിലെ പിടിമുറുക്കി ന്റെ പിന്നിലേക്ക് ഒളിച്ചു,
“” രമണി………. പുറത്താരോ വന്നു… ആരാണെന്നൊന്ന് നോക്കിയേ.. “”
വല്യച്ഛന്റെ ശബ്ദം. ശെരിയെന്നും പറഞ്ഞു, പുറത്തെ അടുക്കള തിണ്ണയിൽ നിന്നും വല്യമ്മ ഇറങ്ങി വന്നു, ഒരു തവണ മാത്രം കണ്ടുള്ള പരിചയമേ നിക്കുള്ളു. പക്ഷെ….
“” കണ്ണാ…. “” ഒന്ന് നീട്ടി വിളിച്ചോടി ന്റെ അരികിലേക്ക് വന്നവരെന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.
“” സുകണോടാ മോന്….. “” അവരെന്റെ മുടിയിൽ തഴുകി നിറ കണ്ണീർ പൊഴിച്ചു.
“” വല്യമ്മയോട് ദേഷ്യണോ ന്റെ കുട്ടിക്ക്… “” അവര് കരച്ചില് തുടങ്ങിയിരുന്നു..