“ഇവിടെ ഇപ്പോൾ അധികം ആരും വരാറില്ല ആ പാണച്ചെക്കൻ പോലും വയൽവരമ്പിലൂടെ പോകുന്നതല്ലാതെ ഇവിടെ വരില്ല. ചോദിച്ചാൽ പറയും വിഷമം കൊണ്ടാണെന്നു. അവനൊക്കെ ഇപ്പോൾ ജോനകപുരകളിൽ ആണ് പാടാൻ പോകുന്നത്. അവിടെ ഒക്കെ കുഴിമന്തിയും ബിരിയാണിയും കൈ നിറയെ പൊൻപണവും കൊടുക്കും. ഇവിടെ താക്കോലോക്കെ അമ്മാവനെ അറിയൂ. ഞാൻ ഒന്നും ചോദിക്കാറും ഇല്ല അല്ലെങ്കിൽ തന്നെ അതൊന്നും ചോദിയ്ക്കാൻ പാടില്ല എന്നാണ് കണ്ണപ്പന്റെ അച്ഛൻ പണ്ടേ പറഞ്ഞിട്ടുള്ളത്”, കുഞ്ചുണ്ണൂലി മുഖം കുനിച്ചു നിന്ന് പറഞ്ഞു.
അപ്പോൾ ആർച്ച “പുറത്തായിട്ട് നാലഞ്ച് ആയില്ലേ? ഇനി കളരിയിൽ ഒക്കെ കേറാം, ആറ്റും മണമ്മേൽ ഒക്കെ അത്ര ശുദ്ധം ഒന്നും നോക്കാറില്ല, കുഞ്ഞിരാമേട്ടൻ ഇഷ്ടം പോലെ കെയർ ഫ്രീ കൊണ്ട് വന്നു തരും അത് വച്ച് നടന്നാൽ നല്ല സുഖം ആണ് ചോര ഒന്നും ഒരു തുള്ളി പോലും താഴെ വീഴില്ല, പണ്ടത്തെ പോലെ പഴം തുണി ഒന്നും കുത്തിക്കേറ്റേണ്ട ഇപ്പോൾ. കാലം ഒക്കെ മാറി. കുഞ്ചുണ്ണൂലി കെയർ ഫ്രീ കണ്ടിട്ടുണ്ടോ ? ”
“ഞാൻ ഒന്നും കണ്ടിട്ടില്ല, നാളെ പിണാത്തിമാർ വരും കുളിപ്പിക്കും ശുദ്ധം ആകും അപ്പോൾ കേറാം കളരിയിൽ, അമ്മക്ക് അല്ലാതെ ഒന്നും ഇതിന്റെ അടുത്തേക്ക് വരുന്നതേ ഇഷ്ടമല്ല” , കുഞ്ചുണ്ണൂലി പറഞ്ഞു.
“ഓ ഞാനും കൂടാം കുളിക്കാൻ, ഇവിടത്തെ കുളത്തിൽ ഒക്കെ ഇറങ്ങിയ കാലം മറന്നു, അവിടൊക്കെ കുളത്തിൽ കുളിക്കാൻ അനുവാദമില്ല വല്ല ജോനകരോ നാളികേരം ഇടാൻ വരുന്ന തണ്ടാനോ ഒളിഞ്ഞ് നോക്കും പോലും. നോക്കിയാൽ എന്താ നമ്മുടെ വല്ലതും തേഞ്ഞു പോകുമോ, കാണാൻ കൊള്ളാവുന്നത് കൊണ്ടല്ലേ ആൾക്കാർ നോക്കുന്നത്. അതൊക്കെ ഒരു സുഖമല്ലേ. അവർക്ക് നയന സുഖം നമുക്ക് ഒരു മനസുഖം.” . ആർച്ച തുടർന്നു.