വശീകരണ മന്ത്രം 6
Vasheekarana Manthram Part 6 | Author : Chankyan | Previous Part
എന്നാൽ ബലരാമൻ ശാസനയോടെ അവളെ ബെഡിൽ പിടിച്ചിരുത്തി. റൂമിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ബലരാമനെ കണ്ടതും ബഹുമാനത്തോടെ അദ്ദേഹത്തിന് സമീപത്തേക്ക് നടന്നു വന്നു.
അനന്തു മുറിയുടെ വാതിൽ പതിയെ ചാരിവച്ചു അവിടുള്ള മേശയിൽ ചാരി നിന്നു.
“മോളെ ഇപ്പൊ എങ്ങനുണ്ട് ? കുഴപ്പമില്ലലോ അല്ലെ? ”
ബലരാമൻ അരുണിമയുടെ നെറുകയിൽ വാത്സല്യപൂർവ്വം തഴുകി.
“കുഴപ്പമില്ല അങ്ങുന്നേ…. ചെറിയ വേദനയെ ഉള്ളൂ…. വേറൊന്നുമില്ല ”
അരുണിമ മറുപടി പറഞ്ഞു.
അവൾ പെട്ടെന്നു സ്വന്തം അച്ഛനെ കുറിച്ച് ഓർത്തു പോയി.അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു.
തേവക്കാട്ട് കുടുംബത്തിലെ മൂത്ത സന്തതി തന്നെ തേടി ആശുപത്രിയിൽ വന്നതിന്റെ പൊരുൾ അരുണിമയ്ക്ക് മനസ്സിലായില്ല. എന്നാലും അനന്തുവുമായി അദ്ദേഹത്തിന് എന്തോ ബന്ധമുണ്ടെന്ന് അവൾക്ക് തോന്നി.
അവൾ അനന്തുവിനെ തുറിച്ചു നോക്കി. അവൻ അവളുടെ നോട്ടത്തിന്റെ ശക്തി താങ്ങാനാവാതെ മുഖം താഴ്ത്തി.
ആ പൂച്ചക്കണ്ണുകൾ കാണുംതോറും അതിൽ താൻ സ്വയം അലിഞ്ഞു പോകുകയാണെന്നു അവനു തോന്നി. പൂച്ചക്കണ്ണുകളുടെ അടിമയായി മാറിയപോലെ.
മുൻപ് എപ്പോഴോ കണ്ടു പരിചയമുള്ള കണ്ണുകൾ ആണ് അതെന്നു അവനു തോന്നിയിരുന്നു. പക്ഷെ എപ്പോഴാണെന്ന് മാത്രം എത്ര ചിന്തിച്ചിട്ടും അവനു പിടി കിട്ടിയില്ല.
ഏതോ ഒരു തരം മുജ്ജന്മ ബന്ധം അവളുമായി ഉള്ളത് പോലെ അനന്തുവിന് തോന്നി. മനസ് ഒന്നു പാകപ്പെടാൻ മുറിയിലാകമാനം അവൻ കണ്ണുകൾ ഓടിച്ചുകൊണ്ടിരുന്നു.
“ഡോക്ടർ മോൾക്ക് ഇപ്പൊ എങ്ങനുണ്ട്? ”
“കുഴപ്പമില്ല അങ്ങുന്നേ….. ചെറിയൊരു ഫ്രാക്ചർ ഉണ്ട് വിരലിന്.. പിന്നെ വീണപ്പോൾ മുട്ടിനു പറ്റിയ ചെറിയ വേദനയും… അതിനു പുരട്ടാൻ ഓയിന്റ്മെന്റ് കൊടുത്തിട്ടുണ്ട്. ”