ഭൂതം
Bhootham | Author : John Honai
എന്റെ ആദ്യ കഥ.. “തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു.. ” കുറച്ചു പേരെങ്കിലും ഇഷ്ടപ്പെട്ടിരുന്നു. എന്റെ കഥയെ സ്നേഹിച്ച എന്റെ പ്രിയ വായനക്കാർക്ക് വേണ്ടി ഇതാ എന്റെ രണ്ടാമത്തെ കഥ…
ഭൂതം
ബലിഷ്ടമായ രണ്ട് വലിയ കൈകൾ എന്റെ കഴുത്തിൽ പിടിച്ചു ഞെക്കിക്കൊണ്ടിരിക്കയാണ്. ശ്വാസം എടുക്കാൻ വേണ്ടി ഞാൻ ആഞ്ഞു വലിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഇപ്പൊ ചാവുമെന്നു എനിക്ക് തോന്നി. എന്റെ മരണം അടുത്തെത്തി കഴിഞ്ഞു. ഞാൻ കണ്ണ് തള്ളി അവസാന ശ്വാസത്തിനായി പിടയുന്നു.
എന്റെ കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്ന ആ രൂപം എന്റെ മുഖത്തിനടുത്തേക്ക് പേടിപ്പെടുത്തുന്ന ഒരു ശബ്ദത്തോടെ വന്നു.
ഉരുണ്ട വലിയ ചോര കണ്ണുകൾ. വലിയ മുഖം ആണ് ആ ഭീകര സത്വത്തിനു. അതൊരു മനുഷ്യനല്ലാന്നു മനസിലാക്കിയ ഞാൻ ഞെട്ടി തരിച്ചു കിടന്നു.
ആ ഭീകരസത്വം വാ പൊളിച്ചു എന്റെ തല മുഴുവൻ വിഴുങ്ങി എന്റെ തല ഉടലിൽ നിന്നും കടിച്ചെടുത്തു.
ഞാൻ ഞെട്ടി ചാടി എഴുന്നേറ്റു.
…………………………….
അതൊരു സ്വപ്നം ആണെന്ന് വിശ്വസിക്കാൻ എനിക്ക് കുറച്ച് സമയം ചിന്തിക്കേണ്ടി വന്നു എന്നതാണ് സത്യം. കുറച്ച് ദിവസങ്ങളായി ഞാൻ ഇതേ സ്വപ്നം കാണുന്നു. അതിന് കാരണം ഉണ്ട്.
ഞാൻ രാജീവ്. ഒരു മാനേജ്മെന്റ് കൺസൾട്ടിങ് കമ്പനിയിൽ ജൂനിയർ കൺസൽട്ടൻറ് ആയി വർക്ക് ചെയ്യുന്നു. അനാഥനായ എന്നെ ഒരു NRI മലയാളി ദമ്പതികൾ എടുത്തു വളർത്തി. എങ്കിലും ഞാൻ അനാഥനായി തന്നെ ജീവിച്ചു തുടർന്നു എന്നതാണ് സത്യം.
കുട്ടികളില്ലാതിരുന്ന ആ ദമ്പതികൾ എന്നെ ഏറ്റു വാങ്ങുമ്പോൾ അവർക്ക് സ്വന്തമായി ഒരു കുഞ്ഞ് പിറക്കുമെന്ന് അവർക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. എനിക്കവരോട് എന്നാലും ഒരു വിരോധവും ഇല്ലായിരുന്നു. ഇന്നും ഇല്ല. ഒരു ആൺകുഞ്ഞു പിറന്നതിനു ശേഷം അവർ വിദേശത്തേക്ക് തന്നെ പോയെങ്കിലും എന്റെ എല്ലാ ചിലവുകളും അവർ തന്നെയാണ് നോക്കിയത്.
എന്നെ പഠിപ്പിച്ചു നല്ല ഒരു കോളേജിൽ നിന്നും MBA ബിരുദം നേടി ഒരു ജോലിയും കണ്ടെത്തി. ഇനി ഞാൻ എന്തിനു അവരെ വെറുക്കണം.
അവരുടെ ബന്തുക്കളും നല്ല നിലയിൽ ആണ്. എല്ലാരും സമൂഹത്തിൽ ഉന്നത സ്ഥാനത്തു തന്നെ. ആർക്കും എന്നെ കുറിച്ച് അറിയുകയും വേണ്ട അന്വേഷിക്കാറും ഇല്ല. സ്വസ്ഥമായ ജീവിതം. സ്വാതന്ത്ര്യം… അത് വേണ്ടുവോളം ഞാൻ ആസ്വദിച്ചു ജീവിച്ചു പോന്നു.