സാബു എനിക്ക് വിളറിയ ഒരു ചിരി സമ്മാനിച്ച് കൊണ്ട് അവിടെ നിന്നും പോയി. അവൻ പോയതും ഞാൻ ആരോഹിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.
ഒരൊറ്റ ചോദ്യമായിരുന്നു അവൾ.
“എന്താടാ നീ എന്നെ ട്രോപ് ചെയ്യില്ലേ?”
“സുന്ദരിയായ ഒരു യുവതി ഇങ്ങനെ ചോദിക്കുമ്പോൾ ഞാൻ എങ്ങനാ പറ്റില്ലെന്ന് പറയുന്നത്.”
അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു.
“അപ്പോൾ ഞാൻ സുന്ദരി ആണല്ലേ?”
“നീ സുന്ദരി ആണെന്ന് മറ്റുള്ളവരുടെ വായിൽ നിന്നും കേൾക്കാൻ ഒരു പ്രത്യേക സുഖം ആണല്ലേ.”
അവൾ എന്റെ കൈയിൽ നുള്ളിയ ശേഷം എന്നെയും പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു.
ആരോഹി എന്റെ പൾസർ ബൈക്കിന്റെ പിന്നിലേക്ക് കയറിയപ്പോൾ ഞാൻ ചുറ്റുമൊന്ന് ശ്രദ്ധിച്ചു. ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ആ കൂട്ടത്തിൽ രേഷ്മയും കണ്ണും മിഴിച്ച് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
ആരോഹി എന്റെ കാമുകി ഒന്നും അല്ല കൂട്ടുകാരി ആയിരിക്കാം.. പക്ഷെ ഓഫീസിലെ സകലരും നോട്ടമിട്ടിരുന്ന അതിസുന്ദരി ആയ പെണ്ണ് എന്റെ ബൈക്കിന്റെ പിന്നിൽ കയറിയതിൽ ഞാൻ തെല്ലൊന്ന് അഹങ്കരിച്ചു. രേഷ്മയെ ഒരു ചിരിയോടെ കണ്ണിറുക്കി കാണിച്ച് കൊണ്ട് ഞാൻ ബൈക്ക് മുന്നിലേക്കെടുത്തു.
ഞാൻ ബൈക്ക് ഓടിക്കുമ്പോൾ അവളുടെ കൈ എന്റെ തോളിൽ മുറുകെ പിടിച്ചിരുന്നു. പക്ഷെ അവൾ എന്നോട് ചേർന്നിരിക്കാതെ ഞങ്ങൾക്കിടയിൽ കൃത്യമായ ഒരു അകലം പാലിച്ചിരുന്നു. ജീൻസും ടോപ്പും ധരിച്ചിരുന്നതിനാൽ ഇരുവശത്തും കാൽ ഇട്ടായിരുന്നു അവൾ ഇരുന്നിരുന്നത്.
ശനിയാഴ്ച അവൾ ഇറങ്ങിയ ബസ് സ്റ്റാൻഡ് എത്താറായപ്പോൾ ഞാൻ ചോദിച്ചു.
“ഇവിടെ നിന്നും എങ്ങോട്ടാണ് പോകേണ്ടത്?”
“ഇവിടെ നിന്നും നേരെ നിന്റെ വീട്ടിലേക്ക് പോകട്ടെ.”
ഞാൻ പെട്ടെന്ന് ബൈക്ക് സൈഡിലേക്ക് ഒതുക്കി നിർത്തി തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി.
ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു.
“എന്റെ ബെസ്ററ് ഫ്രണ്ടിന്റെ വീട്ടിൽ ഞാൻ പോകതിരിക്കുന്നത് മോശമല്ലേ?”
“അതൊക്കെ മോശം തന്നെയാണ്. പക്ഷെ..
ഞാൻ എന്റെ വാക്കുകൾ പകുതി വഴിയിൽ നിർത്തി.
“എന്താടാ.. ഒരു പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് ചെന്നാൽ അമ്മ അടിച്ചിറക്കുമോ?”