ബൈക്ക് മെയിൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ അവൾ ചോദിച്ചു.
“നീ ഗിഫ്റ് വല്ലോം വാങ്ങിയോ?”
ഒരു ചിരിയോടെ ആയിരുന്നു എന്റെ മറുപടി.
“ഞങ്ങൾ കൂട്ടുകാരുടെ കല്യാണത്തിന് പോകുമ്പോൾ ഗിഫ്റ് കൊടുക്കുന്ന ഒരു പതിവ് ഇല്ല.”
“പോടാ.. ഇങ്ങനെ ഒരു സന്ദർഭവത്തിൽ നമ്മൾ എന്തെങ്കിലും ഗിഫ്റ് കൊടുക്കണം. ആ ഗിഫ്റ് കാണുമ്പോഴൊക്കെ ജീവിത കാലം മൊത്തം അവർ നമ്മളെ ഓർക്കും.”
ഓർത്തപ്പോൾ ആ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.
പിന്നെ ഞങ്ങൾ ആരോഹിയുടെ ഇഷ്ടപ്രകാരം ഒരു മെറൂൺ കളർ സാരിയും വാങ്ങിയാണ് ആന്റണിയുടെ വീട്ടിലേക്ക് പോയത്.
ഞങ്ങൾ അവിടെ ചെന്ന് ഇറങ്ങുമ്പോൾ കോളേജിൽ കൂടെ പഠിച്ച മിക്ക പേരും അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ നേരെ പോയി റിൻസിയെയും ആന്റണിയെയും കണ്ട് ഗിഫ്റ് കൊടുത്ത് ഇറങ്ങിയപ്പോഴേക്കും കൂട്ടുകാരെല്ലാം എന്നെ പൊതിഞ്ഞു.
മിക്ക പേർക്കും അറിയേണ്ടിയിരുന്നത് എന്റെ കൂടെയുള്ള പെൺകുട്ടി ആരാണെന്നായിരുന്നു. അവർക്കെല്ലാർക്കും ആരോഹി എന്റെ കൂട്ടുകാരി ആണെന്നും പറഞ്ഞു പരിചയപ്പെടുത്തി. ആരോഹി ആണെങ്കിൽ എന്നെ ഒറ്റക്ക് എങ്ങും വിടാതെ എന്റെ കൈയിൽ ചുറ്റിപ്പിടിച്ച് നിൽക്കുകയാണ്.
അവൾക്ക് ഞാൻ എന്റെ കൂടെ കോളേജിൽ പഠിച്ച കൂട്ടുക്കാരികളെയൊക്കെ പരിചയപ്പെടുത്തി കൊടുത്തു. അവരിൽ മിക്ക പേരുടെയും കല്യാണം കഴിഞ്ഞിരുന്നു.
ആഹാരം കഴിക്കാൻ ഇരുന്നപ്പോഴും ആരോഹി എന്റെ കൂടെ തന്നെയാണ് ഇരുന്നത്. ഫുഡിനോടൊപ്പം വൈനും ഉണ്ടായിരുന്നു. ഞാൻ വൈൻ ഒന്ന് കുടിച്ച് നോക്കി. നല്ല സൂപ്പർ ടേസ്റ്റ്. ആരോഹിയോട് കുടിച്ച് നോക്കുവാൻ ഞാൻ പറഞ്ഞു. അവൾ ഒരിറക്ക് കുടിച്ച ശേഷം അദ്‌ഭുതം വിരിഞ്ഞ കണ്ണുകളോടെ എന്നെ നോക്കി. ആ നോട്ടത്തിൽ നിന്നു തന്നെ എനിക്ക് മനസിലായി അവൾക്ക് അത് ഒരുപാട് ഇഷ്ട്ടമായെന്ന്.
ഫുഡ് കഴിച്ച് കഴിഞ്ഞപ്പോഴേക്കും കൂട്ടുകാരന്മാരുടെ വിളി എത്തി. ടെറസിൽ ബീറടി നടക്കുന്നുണ്ട് ചെല്ലാൻ. ഞാൻ ആണെങ്കിൽ അവന്മാരോടൊക്കെ ഒന്ന് കൂടിയിട്ട് ഒരുപാട് കാലമായി.. ഒപ്പം ഇരുന്നു ബിയർ കുടിക്കാൻ ഒരാഗ്രഹവും.
ഞാൻ മടിച്ച് മടിച്ച് ആണ് ആരോഹിയോട് കാര്യം പറഞ്ഞത്. പക്ഷെ എന്നെ അദ്‌ഭുതപ്പെടുത്തി കൊണ്ട് അവൾ പൊയ്ക്കൊള്ളാൻ പറഞ്ഞു.
ടെറസിൽ അവന്മാരോടൊപ്പം ഏറുന്ന ബിയർ കുടിക്കുമ്പോഴും ഞാൻ ആരോഹിയെ ഇടക്കിടക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ എന്റെ കൂട്ടുകാരികളോടൊക്കെ സംസാരിച്ച് ഇരിക്കുകയാണ്. ഇടക്കിടക്ക് പോയി ഓരോ ഗ്ലാസ് വൈനും വാങ്ങി കുടിക്കുന്നുണ്ട്.
ഇടക്കെപ്പോഴോ അവൾ മുകളിലേക്ക് നോക്കിയപ്പോൾ അവളെത്തന്നെ നോക്കി ഇരിക്കുന്ന എന്നെ കണ്ടു. അവൾ മൊബൈലിലേക്ക് നോക്കാൻ എന്നോട് ആംഗ്യം കാണിച്ചു. ഞാൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു നോക്കിയതും അവളുടെ മെസ്സേജ് വന്നതും ഒരുമിച്ചായിരുന്നു.