‘ഡാ.. എനിക്ക് ഒരു ബിയർ എടുത്തു വയ്ക്കണേ..’
മെസ്സേജ് വായിച്ച ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കിയപ്പോൾ ആരോഹി പ്ളീസ് എന്ന അർഥത്തിൽ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
ഒരു പുഞ്ചിരി ആയിരുന്നു എന്റെ മറുപടി.
എല്ലാ പടിപാടികളും കഴിഞ്ഞ് കൂട്ടുകാരോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ രാത്രി 9 മണി കഴിഞ്ഞിരുന്നു.
കല്യാണ വീട്ടിൽ നിന്നും ബൈക്ക് റോഡിലേക്ക് ഇറങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു.
“എവിടെ ഞാൻ പറഞ്ഞ സാധനം.”
ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
“എന്ത് സാധനം.”
“ചെക്കാ.. എനിക്ക് ബിയർ കിട്ടാതെ നീ ഇന്ന് വീട്ടിൽ കയറില്ല കേട്ടോ.”
ഞാൻ ഒരു ചിരിയോടെ ഇടുപ്പിൽ വെച്ചിരുന്ന ബിയർ എടുത്ത് പിന്നിൽ അവളുടെ കൈയിലേക്ക് കൊടുത്തു.
“ഡാ, ആളില്ലാത്ത ഏതെങ്കിലും ഭാഗത്ത് നീ ബൈക്ക് നിർത്തണം.”
“അതെന്തിനാ?”
“ബിയറും കൊണ്ട് റൂമിലേക്ക് ചെന്നാൽ ശ്രീജ ചേച്ചി എന്നെ കൊല്ലും.”
അപ്പോഴാണ് ഞാൻ ശ്രീജ ചേച്ചിയുടെ കാര്യം ഓർക്കുന്നത്.
ഞാൻ ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് അവളെയും കൊണ്ട് പോയി. നല്ല ഇരുട്ടായിരുന്നു അവിടെ.. ചന്ദ്രന്റെ ചെറു നിലാ വെളിച്ചം മാത്രം ഉണ്ട്.
ബൈക്കിൽ നിന്നും ഇറങ്ങിയ അവൾ ബിയർ കുപ്പി എന്റെയിൽ തന്നുകൊണ്ടു പറഞ്ഞു.
“ഇതൊന്നു തുറന്ന് താട.”
ഞാൻ മോതിരത്തിനു ഇടയിൽ കയറ്റി അവൾക്ക് ബിയർ തുറന്നു കൊടുത്തു. ഞാൻ അപ്പോഴും ബൈക്കിൽ തന്നെ ഇരിക്കുകയായിരുന്നു.
അവൾ ഒരു കവിൾ ബിയർ കുടിച്ച ശേഷം കണ്ണുകൾ പകുതി അടച്ച് കയ്പ്പ് ആണെന്നുള്ള രീതിയിൽ എന്നെ നോക്കി.
“നീ ഇതിനു മുൻപ് ബിയർ കുടിച്ചിട്ടുണ്ടോ?”
“മ്മ്.. ഒരു പ്രാവിശ്യം.”
“അതെങ്ങനെ?”
അവൾ ഒരു കവിൾ കൂടി കുടിച്ചിറക്കി.
“എനിക്ക് ബിയർ കുടിക്കണമെന്ന് പറഞ്ഞപ്പോൾ പപ്പാ വാങ്ങി തന്നു.”
“നല്ല പപ്പാ..”
ആരോഹി അവളുടെ വെളുത്ത പല്ലുകൾ കാട്ടി ഒന്ന് ചിരിച്ചു.