അതൊരു കണക്കിന് മനസിന് ആശ്വാസം പകർന്നു. ഒരിറ്റുവെള്ളം മണ്ണിലേക്ക് വീണാൽ നിമിഷ നേരം കൊണ്ട് അതിനെ ബാഷ്പമാക്കുന്ന ചൂടിൽ എറണാകുളം സിറ്റിയിൽ ഫീൽഡ് വർക്ക് ചെയ്യുക എന്ന് പറഞ്ഞാൽ ചിന്തിക്കുക തന്നെ അസഹനീയമായിരുന്നു. കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു തന്ന ശേഷം രാജേഷേട്ടൻ പറഞ്ഞു E ബ്ലോക്കിൽ അവസാനം ഇരിക്കുന്ന പെൺകുട്ടിയുടെ അടുത്ത് ചെന്നാൽ വർക്കിനെ പറ്റി എല്ലാം പറഞ്ഞു തരും. നമ്മുടെ ടീമിൽ ഉള്ളതാണ് ആ പെങ്കൊച്ചാണെന്ന്.
ജോലിയിൽ ആദ്യത്തെ ദിവസം ആയതിനാൽ മനസ്സിൽ ഭയം നിറഞ്ഞ ഒരു വികാരം ആയിരുന്നു. എന്തൊക്കെയാണ് ചെയ്യേണ്ടതെന്നോ ഒന്നും അറിയില്ല.
E ബ്ലോക്ക് കണ്ട് പിടിച്ച് വരിയുടെ അവസാനത്തേക്ക് നടക്കുമ്പോൾ ടീമിൽ ഉള്ള ആ പെങ്കൊച്ചിനെ കുറിച്ച് ഒരു രൂപവും മനസ്സിൽ ഉണ്ടായിരുന്നില്ല. നടക്കുന്നതിനിടയിൽ ഓരോ ക്യാബിനും ശ്രദ്ധിച്ചു. അരഭാഗത്തോളം തടിയുംപിന്നെ കുറച്ച് ഭാഗം ഗ്ലാസും കൊണ്ട് മറച്ച ഓരോ ക്യാബിനുകൾ. എല്ലാത്തിലും ഓരോ ടേബിളും കംപ്യൂട്ടറും കുറെ ഫയലുകളും ഉണ്ട്. ചില ക്യാബിനുകൾ ഒഴിഞ്ഞു കിടക്കുന്നു. ഓഫിനുള്ളിൽ കയറിയത് മുതൽ ഇതുവരെ കണ്ട പെണ്പിള്ളേരെല്ലാം നല്ല അടിപൊളി പെൺപിള്ളേരായിരുന്നു. ഇപ്പോൾ കാണാൻ പോകുന്ന പെണ്ണും അതുപോലെ തന്നെ ആയിരിക്കുമെന്ന് മനസ്സിൽ തോന്നി.
അവസാന കാബിനു മുന്നിൽ എത്തി അതിനകത്തേക്ക് ഒന്ന് എത്തി നോക്കിയപ്പോൾ ഒരു പെൺകുട്ടി തലകുനിച്ചിരുന്നു ഫയലിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. നല്ല വെളുത്തു നീണ്ട വിരലുകൾ ആയിരുന്നു അവളുടേത്. പക്ഷെ മുഖം കാണാൻ വയ്യ. ഒരു ജീൻസും ടോപ്പും ആണ് വേഷം.
തൊണ്ടകൊണ്ട് ചെറുതായി ഒന്ന് ശബ്‌ദം ഉടക്കിയപ്പോൾ അവൾ ഒന്ന് നിവർന്നു നോക്കി. ശരിക്കും ഞെട്ടിപ്പോയി ഞാൻ. ഇത്രയും നേരം ഓഫീസിനുള്ളിൽ കണ്ട പെൺപിള്ളേരൊന്നും അവളുടെ സൗന്ദര്യത്തിനു മുന്നിൽ ഒന്നും അല്ലായിരുന്നു. ആ വിടർന്ന കണ്ണുകൾ കാണാൻ തന്നെ എന്തഴകാണ്.
അവൾ കൈവിരലുകൾക്കിടയിൽ പേന ഇട്ട് ആട്ടി കണ്ണുകൾ കൊണ്ട് എന്താ എന്ന് ആംഗ്യത്തിൽ ചോദിച്ചു. ഗൗരവം നിറഞ്ഞ മുഖഭാവം.
“രാജേഷേട്ടൻ പറഞ്ഞു തന്നെ വന്നു കാണാൻ. ഞാൻ നിങ്ങളുടെ ടീമിൽ ഉള്ളതാണ്. ഇന്ന് ജോയിൻ ചെയ്തു.”
അവളുടെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി നിറഞ്ഞു ആ കണ്ണുകൾ ഒന്നുകൂടി വിടർന്നു.. എന്റെ ശ്രദ്ധ പതിഞ്ഞത് പുഞ്ചിരിച്ചപ്പോൾ ആ കവിളിൽ തെളിഞ്ഞ നുണക്കുഴിയിൽ ആയിരുന്നു.
“രാജേഷേട്ടൻ പറഞ്ഞിരുന്നു ഇന്ന് പുതിയതായി ഒരാൾ വരുമെന്ന്. എന്താ പേര്?”
“ആയുഷ്.”
അവൾ ഒരു പ്രാവിശ്യം ആ പേര് ഒന്ന് മന്ത്രിച്ചു. പിന്നെ ഒരു ഫയൽ കൈലെടുത്ത് കസേരയിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് എതിരെ ഉള്ള ക്യാബിൻ ചൂണ്ടികാട്ടികൊണ്ടു പറഞ്ഞു.
“അതാണ് ആയുഷിന്റെ ക്യാബിൻ.”