ആളൊഴിഞ്ഞ ഒരിടമാണ് ഹരി സാർ ചൂണ്ടി കാണിച്ചത്. അവർ രണ്ടുപേരും അങ്ങോട്ട് പോയപ്പോൾ ഹരി സാർ പറഞ്ഞ പേര് ഞാൻ ഒന്ന് മന്ത്രിച്ചു.
“ജീന..”
ആരോഹി ഒരു കുസൃതിയോടെ അവരുടെ പിറകെ പോയല്ലോന്ന് കണ്ണ് കൊണ്ട് എന്നോട് ആംഗ്യം കാണിച്ചു. എനിക്കും അത് സമ്മതം ആയിരുന്നു.
അവരുടെ പിറകെ നടക്കുന്നതിനിടയിൽ ആരോഹി എന്നോട് പറഞ്ഞു.
“നീ ഒരു കാര്യം ശ്രദ്ധിച്ചായിരുന്നോ. പുള്ളിക്കാരി സാറിനോട് എന്തോ പിണക്കത്തിൽ ആണ്. മുഖം വീർപ്പിച്ച് വച്ചാണ് നടക്കുന്നത്.”
എന്റെ കണ്ണിലും അത് ശ്രദ്ധയിൽ പേട്ടയിരുന്നു.
“ചുമ്മാ ജാടക്ക് പുള്ളിക്കാരി പിണക്കം കാണിക്കുന്നതാണ്.. കാണുമ്പോഴേ അറിയാം അവളൊരു പാവം ആണെന്ന്.”
“അയ്യടാ.. അപ്പോഴേക്കും അവൻ ഗുഡ് സെർട്ടിഫിക്കറ്റും കൊടുത്തു.”
അവർ രണ്ടുപേരും ഒരു സിമെന്റ് ബെഞ്ചിൽ ഇരുന്നപ്പോൾ ഞങ്ങൾ അവരെ കാണത്തക്ക രീതിയിൽ കുറച്ച് മാറി ഒരു തിട്ടയിൽ ഇരുന്നു.
അവർ രണ്ടുപെറും കൂടി എന്തോ സംസാരിക്കുന്നുണ്ട്. പക്ഷെ ഒന്നും കേൾക്കാൻ വയ്യ.. സംസാരിച്ചു കഴിഞ്ഞ് രണ്ടും രണ്ട് ദിക്കിലേക്ക് നോക്കി ഇരുന്നു.
ആരോഹി എന്റെ തോളിലേക്ക് തല ചായ്ച്ച് ഇരുന്നു പറഞ്ഞു.
“ശോ.. രണ്ടുപേരും വീണ്ടും പിണങ്ങിയെടാ.”
ഹരിസാറിന്റെ മുഖത്ത് തങ്ങി നിൽക്കുന്ന ചിരി എനിക്ക് കാണാമായിരുന്നു.
ആരോഹിയുടെ തോളിലേക്ക് കൈ എടുത്ത് വച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“ഈ പിണക്കം അധികനേരം നീണ്ടു നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല മോളെ..”
“ഉള്ളത് പറയണമല്ലോ. ഒരു മേക്കപ്പ് പോലും മുഖത്ത് ഇല്ലാതെ എന്ത് സുന്ദരി ആണ് അവൾ.”
എന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിടർന്നു. അത് ആരോഹി കാണുകയും ചെയ്തു.
“നീ ഇളിക്കയൊന്നും വേണ്ട.. എന്റെ അത്ര സൗന്ദര്യം ഒന്നും ഇല്ല.”
“കുശുമ്പി പാറു.”
ആരോഹിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. അവൾ എന്നിൽ നിന്നു അകന്നിരുന്നു.
“സൗന്ദര്യം ഇല്ലാത്ത എന്നെ അങ്ങനെ നീ ഇപ്പോൾ തൊടണ്ട.”
ഈശ്വരാ.. ഇങ്ങനെ ഒരു കുശുമ്പി പാറു… ഞാൻ അവളെ ഇടുപ്പിൽ പിടിച്ച് വലിച്ച് എന്നോട് ചേർത്തിരുത്തി.
“എന്റെ ആരോഹി കുട്ടി സുന്ദരി അല്ലെന്ന് ആരാ ഇപ്പോൾ പറഞ്ഞെ..”
അവളുടെ മുഖത്ത് എന്നെ തോൽപ്പിച്ചതിന്റെ ഒരു കള്ള ചിരി വിടർന്നു.
ഞങ്ങളുടെ ശ്രദ്ധ വീണ്ടും അവരിലേക്ക് തിരിഞ്ഞു.