ആരോഹി [ ne-na ]

Posted by

ഇപ്പോഴും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അവളെ പിടിച്ച് ആ കണ്ണുകളിൽ നോക്കി വിളിച്ച് പറയാം… ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്ന ആരോഹി, എനിക്ക് നിന്നെ നഷ്ട്ടപ്പെടുത്തുവാൻ കഴിയിലല്ല എന്ന്.

പക്ഷെ.. അവൾക്കെന്നോട് അങ്ങനെ ഒരു ഇഷ്ട്ടം ഇല്ലെങ്കിൽ.. ഇല്ല, ഒരിക്കലും ഇഷ്ടത്തിന്റെ ഒരു സൂചന പോലും അവൾ എനിക്ക് നൽകിയിട്ടില്ല. ഇപ്പോൾ ഞാൻ എന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞാൽ അവൾ കരുതില്ലേ.. ഞാൻ ഒരു നീചനാണെന്ന്.. സൗഹൃദത്തിന്റെ പേരിൽ അവളെ ചതിക്കുകയായിരുന്നെന്ന്. മാത്രമല്ല അവളെ ഇഷ്ട്ടപെടാനുള്ള എന്ത് യോഗ്യത ആണ് എനിക്കുള്ളത്.. സാമ്പത്തികമായി നോക്കുകയാണെകിൽ അവളുടെ കുടുംബത്തിന്റെ ഏഴു അയലത്ത് എത്തില്ല എന്റെ കുടുംബം. ഒന്നും വേണ്ട.. എല്ലാം ഇതുപോലെ തന്നെ മുന്നോട്ട് പോകുന്നതാണ് നല്ലത്.

ഫ്ലാറ്റിനു മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ ആരോഹി അതിൽ നിന്നും ഇറങ്ങി. ചെറിയൊരു പുഞ്ചിരി സമ്മാനിച്ച ശേഷം അവൾ അകത്തേക്ക് നടന്നു.

ആയുഷിന്റെ ബൈക്ക് അവിടെ നിന്നും പോകുന്ന ശബ്‌ദം അവൾക്ക് കേൾക്കാമായിരുന്നു. പക്ഷെ അവൾ തിരിഞ്ഞ് നോക്കിയില്ല. അവളുടെ കാലുകൾക്ക് വേഗത കൂടി.

ഡോറിൽ മുട്ടി കുറച്ച് സമയങ്ങൾക്കകം തന്നെ ശ്രീജ വാതിൽ തുറന്നു. അത്രയും നേരം പിടിച്ച് വച്ചിരുന്ന കരച്ചിൽ അവൾക്ക് അടക്കാനായില്ല. ഒരു പൊട്ടി കരച്ചിലോടെ അവൾ റൂമിലേക്ക് ഓടി. ശ്രീജയും അവളുടെ പിന്നാലെ ചെന്നു.

നിറകണ്ണുകളോടെ കട്ടിലിൽ കിടക്കുന്ന ആരോഹിക്കരികിൽ ശ്രീജ ഇരുന്നു.

“എന്ത് പറ്റി മോളെ?.. എന്തിനാ നീ പറയുന്നെ?”

“ഒന്നുമില്ല ചേച്ചി.”

ശ്രീജ അവളുടെ തലയിൽ തടവി ആശ്വസിപ്പിച്ചു.

“നീ ആയുഷിന്റെ കണ്ടോ?”

അവളൊന്ന് മൂളി.

“എന്താ അവനോടു സംസാരിച്ചെ?”

“കല്യാണം ഉറപ്പിച്ച കാര്യം പറഞ്ഞു.”

“പിന്നെ?..”

“പിന്നൊന്നും പറഞ്ഞില്ല..”

ശ്രീജ അവളെ എഴുന്നേൽപ്പിച്ചിരുത്തി.

“നിനക്കവനെ ഇഷ്ട്ടമാണെന്ന കാര്യം അവനോടു പറഞ്ഞില്ല.”

അവൾ ഇല്ലെന്നുള്ള അർഥത്തിൽ തലയാട്ടി.

“അതെന്താ നീ അവനോടു പറയാഞ്ഞേ?”

വിങ്ങുന്ന സ്വരത്തിൽ അവൾ പറഞ്ഞു.

“അവന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉള്ളപ്പോൾ ഞാൻ എങ്ങനാണ് ചേച്ചി എനിക്കവനെ ഇഷ്ടമാണെന്ന് പറയുന്നത്. കല്യാണം ഉറപ്പിച്ചെന്ന് പറഞ്ഞപ്പോൾ അവൻ ഒന്ന് പുഞ്ചിരിക്കുകമാത്രമാണ് ചെയ്തത്. എന്നോട് അവനു അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിൽ അവനു അങ്ങനെ ഒരു ചിരിയോടെ എന്റെ മുന്നിൽ ഇരിക്കാൻ കഴിയുമായിരുന്നോ?”

കുറച്ച് നേരത്തേക്ക് ശ്രീജ ഒന്നും മിണ്ടിയില്ല. വിദൂരതയിലേക്ക് നോക്കി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *