ആരോഹി [ ne-na ]

Posted by

അവളുടെ മുഖഭാവം കണ്ടു എന്റെ മുഖത്ത് ചിരി വിടർന്നിരുന്നു.

“എവിടേക്ക് പോകണമെന്ന് മാത്രം നീ പറഞ്ഞാൽ മതി.”

അവൾ നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന പോലെ പറഞ്ഞു.

“കൊടൈക്കനാൽ.”

“അവിടയോ?”

ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.

” മണാലി, ലഡാക്ക്, ജയ്‌പൂർ ഒക്കെ ഞാൻ പോയിട്ടുണ്ട്.. പക്ഷെ ഇത്ര അടുത്ത് കിടക്കുന്ന കൊടൈക്കനാൽ ഞാൻ പോയിട്ടില്ല.”

ഞാൻ മുൻപ് പോയിട്ടുള്ളതാണ് കൊടൈക്കനാൽ പക്ഷെ ഇപ്പോൾ ആരോഹിയുടെ ആഗ്രഹമാണ് പ്രധാനം.

“ഓക്കേ.. ഡീൽ.”

അപ്പോഴേക്കും അവളുടെ ട്രെയിൻ വരുന്നതായി അന്നൗൻസ് ചെയ്തു. ബാഗ് എടുത്ത് കൊണ്ട് എഴുന്നേൽക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

“മറ്റന്നാൾ രാവിലെ നീ കൊല്ലത്ത് എത്തണം. ബാക്കി എല്ലാം ഞാൻ പ്ലാൻ ചെയ്തോള്ളം.”

ആരോഹിയുടെ മുഖത്ത് ഇപ്പോൾ വിരിഞ്ഞ ചിരിയിൽ അവളുടെ പഴയ സൗന്ദര്യം എനിക്ക് കാണാൻ കഴിഞ്ഞിരുന്നു.

ഒരു അംബലുൻസ് മുന്നിൽ കൂടി ചീറി പാഞ്ഞു പോകുന്ന ശബ്‌ദം കേട്ട് ഞാൻ ഓർമകളിൽ നിന്നും ഉണർന്നു. കുടിച്ച് തീർന്ന ചായ ഗ്ലാസ് ഇരുകൈകളിലും ആയി മുറുക്കി പിടിച്ചിരിക്കുകയായിരുന്നു ഞാൻ അപ്പോൾ.

ചായ ഗ്ലാസ് തിരികെ കൊടുക്കുമ്പോൾ വാർധക്യത്തിൽ അവശേഷിച്ചിരുന്ന ബാക്കി പല്ലുകൾ കാണിച്ച് ചിരിച്ച് കൊണ്ട് പറഞ്ഞു.

“ചായ കുടിച്ച് കഴിഞ്ഞിട്ട് കുറച്ച് നേരമായി.. എന്തോ ആലോചനയിൽ ആയിരുന്നെന്ന് തോന്നി.”

ആ മനുഷ്യന് ഒരു ചിരി സമ്മാനിച്ച് പൈസയും നൽകി ഞാൻ അവിടെ നിന്നും ഇറങ്ങി.

റെയിൽവേ സ്റ്റേഷന് മുന്നിൽ നിൽക്കാനാണ് ആരോഹി പറഞ്ഞിരുന്നത്. അവിടെ നിന്നും കുറച്ച് ദൂരം ഉണ്ട് റെയിൽവേ സ്റ്റേഷനിലേക്ക്. പക്ഷെ രാവിലത്തെ നടത്തം ഒരു സുഖകരമായ അനുഭവം തന്നെ ആണ്. സാവധാനം ബാഗുമായി അവിടേക്ക് നടന്നു.

ഞാൻ റെയിൽവേ സ്റ്റേഷന് മുന്നിൽ എത്തിയതും ആരോഹി അവളുടെ ഡസ്റ്റർ കാറുമായി അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു.

എന്നെ കണ്ടതും അവൾ സ്വതസിദ്ധമായ ചിരിയോടെ കാറിൽ നിന്നും പുറത്തേക്കിറങ്ങി. ഒരു റെഡ് കളർ ലോങ്ങ് സ്കർട്ടും, ബ്ലാക്ക് കളർ ടോപ്പും ആണ് വേഷം. മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ ഒരു പ്രത്യേകത. ഏതാണ് അത്.. ഞാൻ ഒന്നും കൂടി സൂക്ഷിച്ച് നോക്കി. അതെ.. അവൾ കണ്ണിൽ കരി എഴുതിയിരിക്കുന്നു. ഇതുവരെ അവളെ കരി എഴുതി ഞാൻ കണ്ടിട്ടില്ലായിരുന്നു.

ചാവി എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു.

“ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവരെ നീ ഡ്രൈവിംഗ് പിന്നെ ഞാൻ.”

ഞാൻ ഒരു ചിരിയോടു കൂടി കാറിലേക്ക് കയറി. അവൾ GPS സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *