ലെച്ചുവുമായി വീട്ടിലെത്തിയ ഞാൻ കുളിച്ച് ചായയൊക്കെ കുടിച്ചിരിക്കുമ്പോഴേക്കും ഫോണിൽ തുഷാരയുടെ മെസ്സേജ് വന്നുകിടപ്പുണ്ട്. ലെച്ചു ഫോണെടുത്ത് നോക്കിയിട്ട് മെസ്സേജ് വായിച്ചു…
“ പല്ലുവേദന മാറിയെങ്കിൽ ഒരു കാര്യം ചോദിച്ചാൽ ഉത്തരം തരുമോ…”
ഇത് കേട്ടയുടനെ അമ്മ ചാടി വീണു..
: മോന് പല്ലുവേദനയുണ്ടോ…
: അല്ല ആന്റി, ഇനി ഇന്നലെ അടികിട്ടിയത് ഇവനാണോ…
: എന്റമ്മോ… അങ്ങനൊന്നും അല്ല. അവൾ ചോദിക്കുന്നതിനൊന്നും ഞാൻ ഉത്തരം കൊടുക്കാത്തതുകൊണ്ട് അങ്ങനെ പറയുന്നതാ…
: എന്ന ഞാൻ റിപ്ലൈ കൊടുക്കട്ടെ…
: നീയൊന്ന് ചുമ്മാതിരി ലെച്ചു. ഞാൻ ഇതുവരെ ഒരു മെസ്സേജ് പോലും അവൾക്ക് അയച്ചിട്ടില്ല.
ഞാനിത് പറഞ്ഞു കഴിയുമ്പോഴേക്കും ലെച്ചു അവൾക്കൊരു ഹായ് അയച്ചു. അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും അമ്മയെന്നെ തടഞ്ഞു. അപ്പോഴേക്കും തുഷാരയുടെ പുതിയ മെസ്സേജ് എത്തി. ഇത് വോയിസ് ആണല്ലോ. ലെച്ചു ഉടനെ അത് പ്ലെ ചെയ്തു..
“അതേ..നേരത്തെ ബൈക്കിന്റെ പുറകിൽ കയറിയത് ആരാ.. ഒന്നുമില്ല, ചുമ്മാ ഒന്ന് അറിഞ്ഞുവെക്കാൻ വേണ്ടി ചോദിച്ചതാ.”
: ശ്രീകുട്ടാ…. അടിപൊളി സൗണ്ടാണല്ലോ.. എന്താ റിപ്ലൈ കൊടുക്കേണ്ടത്, പറ
: നീ സത്യം പറഞ്ഞോ ലെച്ചു, പാവം കൊച്ചിനെ വെറുതേ വിഷമിപ്പിക്കണ്ട
: ഓഹോ അമ്മയും അവളുടെ കൂടെ കൂടിയോ..
: നല്ല മോളാ.. എനിക്കിഷ്ടായി. ഇന്നലെ അത്രയും പേരുടെ മുന്നിൽ നാണംകെട്ടിട്ടും ഇന്ന് അവൾ എത്ര ഈസിയായിട്ടാ കോളേജിൽ വന്നതും നിന്നോട് സംസാരിച്ചതും. വേറെ വല്ല പെണ്ണും ആയിരുന്നേൽ പഠിത്തം തന്നെ നിർത്തിയേനെ.
: ലെച്ചു ആ ഫോണിങ്ങ് തന്നേ. അവളുടെ നമ്പർ എടുത്തോ എന്നിട്ട് നിങ്ങൾ എന്താന്നുവച്ചാ ആക്ക്. എനിക്കൊരു യോഗത്തിന് പോകാനുണ്ട്.
………..
നാട്ടിലെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിൽപ്പിന്നെ വൈകുന്നേരങ്ങളിൽ എന്തെങ്കിലും പരിപാടികൾ പതിവാണ്. എല്ലാം കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ കുറേ നേരം ഗ്രൗണ്ടിൽ ചിലവഴിച്ചശേഷം വീട്ടിലെത്തി. കിടക്കാൻ നേരം ലെച്ചു പറഞ്ഞത് മുഴുവൻ തുഷാരയെക്കുറിച്ചാണ്. അവർ തമ്മിൽ ഒത്തിരിനേരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. രണ്ടുപേരും ഭയങ്കര കമ്പനിയായി എന്നാണ് ലെച്ചു പറയുന്നത്. എനിക്കത്ര വിശ്വാസം പോര. ഇതൊക്കെ അവളുടെ എന്തെങ്കിലും അടവായിരിക്കും. എല്ലാരുംകൂടി എന്നെപ്പിടിച്ച് കെട്ടിച്ചേ അടങ്ങൂ എന്നാ തോന്നുന്നേ. അമ്മപോലും കൂറ് മാറി. എവിടെവരെ പോകുമെന്ന് നോക്കാം.