**********
വരാനിരിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ക്യാമ്പിന്റെ ത്രില്ലിൽ ആയിരുന്നു ഞാൻ. ആന്വൽ ഡേയ്ക്ക് ദിവസങ്ങൾക്ക് മുൻപുള്ള രണ്ടുദിവസത്തെ ക്യാമ്പ് നടക്കാൻ പോകുന്നത് എന്റെ പുരയിടത്തിൽ ആണ്. വൈവിധ്യങ്ങളുടെ പറുദീസയായ എന്റെ ഏദൻതോട്ടം ക്യാമ്പിനായി തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷത്തിലാണ് ഞാൻ.പക്ഷെ എന്നേക്കാൾ സന്തോഷം തോന്നിയത് മറ്റൊരാൾക്കാണ്, ആരാണെന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ. ഇരുപതുപേരടങ്ങുന്ന സംഘത്തിൽ പത്തുപേർ പെൺകുട്ടികളാണ്. എല്ലാവരെയും ഒരുപോലെ ത്രില്ലടിപ്പിച്ച കാര്യം എന്താണെന്നാൽ രാത്രിയിലുള്ള താമസമാണ്. പെൺകുട്ടികളെ ചെറു സംഘങ്ങളാക്കി എന്റെ നാട്ടിലുള്ള ഓരോ വീടുകളിലാണ് രണ്ട് ദിവസം താമസിപ്പിക്കാൻ പോകുന്നത്. ആൺകുട്ടികൾ കോളേജിലും. ആൺകുട്ടികൾക്കും വീടുകളിൽ താമസമൊരുക്കാമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങൾതന്നെയാണ് വേണ്ടെന്നുവച്ചത്. കോളേജിൽ എല്ലാവരുമൊത്ത് കിടക്കുന്നതിന്റെയും രണ്ടെണ്ണം അടിക്കുന്നതിന്റെയും സുഖം ഒന്ന് വേറെത്തന്നെ ആണേ…
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം കുട്ടികളെ സ്വീകരിക്കാനായി എന്റെ വീടും നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു. പ്ലസ് ടു പഠനസമയത്ത് NSS ക്യാമ്പിന് പോയ അനുഭവം മനസിലേക് ഓടിയെത്തി.
കോളേജിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽവച്ച് ക്യാമ്പിന് തിരിതെളിഞ്ഞു. പരിസ്ഥിതി ഗീതം ആലപിക്കുന്ന രണ്ടുപേരിൽ ഒരാൾ നമ്മുടെ കുറുമ്പിയാണ്. അവളുടെ ചുണ്ടിലൂടെ ഒഴുകിയ മധുര സംഗീതം കാതുകളേക്കാൾ മനസിനെ കുളിരണിയിച്ചു. പക്ഷെ എന്തുകൊണ്ടോ തുഷാരയുടെ മുഖത്തേക്ക് ഒരിക്കൽപോലും കണ്ണുകൾ പോയില്ല. ഇടയ്ക്കിടെ തുഷാരയുടെ കണ്ണുകൾ എന്നിലേക്ക് നോട്ടമെറിയുമ്പോൾ നീതു പതുക്കെ അവളുടെ കൈമുട്ടുകൊണ്ട് എന്നെ തട്ടും. എന്റെ അന്നത്തെ അടിയോടെ നീതുവരെ തുഷാരയുടെ ടീമിൽ അംഗത്വമെടുത്തു. വർഗ്ഗസ്നേഹം, അല്ലാതെന്ത്. ഉദ്‌ഘാടനവും പരിസ്ഥിതി ക്ലാസ്സുമൊക്കെ കഴിഞ്ഞ് എല്ലാവരും ഉച്ചയോടുകൂടി എന്റെ വീട്ടിലേക്ക് യാത്രയായി. കോളേജ് ബസ്സിൽ സംഗീതത്തിന്റെ അകമ്പടിയോടെ ഞങ്ങൾ മംഗലത്തുവീടിന്റെ പടിപ്പുരയിൽ എത്തി. ഞങ്ങളെ സ്വീകരിക്കാൻ വീട്ടിലുള്ള എല്ലാവരുമുണ്ട്. കണ്ണൻ ഗമയോടെ മുന്നിൽത്തന്നെയുണ്ട്. കിച്ചാപ്പിയും അഭിയുമെല്ലാം നേരത്തേ വീട്ടിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. പ്രകൃതിസ്നേഹം കിച്ചാപ്പിയുടെ ചുണ്ടുകളിലൂടെ ഒഴുകിയിറങ്ങി. ഒലക്കേടെ മൂഡ്, തെണ്ടികൾ രണ്ടും വായിനോക്കാൻ വന്നതാണെന്ന് എനിക്കല്ലേ അറിയൂ. വാഴയിലയിൽ തൂശനരി ചോറിലേക്ക് സാമ്പാറും മറ്റ് കറികളും വിളമ്പിയത് കുഴച്ചടിക്കുമ്പോൾ തുഷാരയുടെ കണ്ണുകൾ എന്നിലേക്ക് തന്നെ നോക്കിയിരിക്കുന്നത് ലെച്ചു അമ്മയെ വിളിച്ചു കാണിച്ചുകൊടുക്കുന്നുണ്ട്. പക്ഷെ എന്റെ കണ്ണുകൾ കിച്ചാപ്പിയിലേക്കാണ് പോയത്. അവന്റെ നോട്ടം മുഴുവൻ നീതുവിലേക്കാണ്. പെണ്ണിനെ അവൻ തീറ്റിച്ചു കൊല്ലുമെന്ന് തോനുന്നു. സ്നേഹം ഒഴുകി ഇറങ്ങുവാണല്ലോ, രണ്ട് പപ്പടമല്ലേ പെണ്ണിന് കൊടുത്തത്. ബാക്കിയുള്ളവർ ഒരുഗ്ലാസ് വെള്ളം ചോദിച്ചിട്ട് അവൻ കേൾക്കുന്നത്പോലും ഇല്ല. തെണ്ടി, അവസാനം പെണ്ണിന് വയറ്റിൽ ആവാതിരുന്നാൽ മതിയായിരുന്നു.