ഇതേസമയം തുഷാരയുടെ മനസും വല്ലാത്തൊരു നിശ്ചലാവസ്ഥയിൽ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു…
ഈശ്വരാ.. ആവേശമൊക്കെ ചോർന്നുപോയോ, ഇത്രയും അടുത്ത് കിട്ടിയിട്ടും എനിക്കൊന്നും പറയാൻ പറ്റുന്നില്ലല്ലോ. ഏട്ടൻ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ…
ജീവിതത്തിൽ ആദ്യമായി പ്രണയത്തിന്റെ മധുരം അടുത്ത് കിട്ടിയിട്ടും എനിക്കൊന്നും ചെയ്യാനും പറ്റുന്നില്ലല്ലോ. എന്തെങ്കിലും പറയെടാ ചക്കരേ… എനിക്കാണെങ്കിൽ അടിവയറ്റിൽ എന്തോ ഉരുണ്ടുകൂടുന്നപോലുണ്ടല്ലോ…
അല്പനേരത്തെ മൗനം, കിളികളുടെ മധുര സംഗീതം, ഇളം കാറ്റ്, അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ, തുഷാര… എന്റെ സാറേ, ഇത് തന്നെ പ്രണയം.
: തുഷാരെ….
: ഉം…
വീണ്ടും മൗനം… ദൈവമേ എന്താ ഇപ്പൊ പറയേണ്ടത്… ആകെ വല്ലാത്തൊരു അവസ്ഥയായി പോയല്ലോ. ഈ പ്രേമം ഒന്നും എനിക്ക് പറഞ്ഞതല്ലേ. നമുക്ക് ഗുണ്ടായിസവും ജാടയും തന്നെയേ ശരിയാവൂ..
: ഏട്ടാ…
: ആഹ് പറ…
: ഒന്നുമില്ല… (മൊരടൻ…. ഇയാൾക്കൊന്ന് റൊമാന്റിക്കായാലെന്താ.. ജാഡ തെണ്ടി)
: എങ്ങനുണ്ട് സ്ഥലമൊക്കെ ഇഷ്ടമായോ…
: സ്ഥലത്തിന്റെ ഉടമയെ ഇഷ്ടപ്പെട്ടില്ലേ, പിന്നെ സ്ഥലം ഇഷ്ടവാതിരിക്കോ
( ഈ പെണ്ണിന് കുറച്ച് റൊമാന്റിക്കായാലെന്താ… എപ്പോ നോക്കിയാലും വെടിയും പുകയുമാണ്..)
: ഞാൻ പറഞ്ഞോ കേറി പ്രേമിക്കാൻ…
: ഏട്ടന് നീന്താൻ അറിയോ…
: ആഹ്.. എന്തേ.. (വെള്ളം കണ്ടാൽ മുട്ടുവിറക്കുന്ന എന്നോടോ ബാലാ)
: ഇല്ലെങ്കിൽ പിടിച്ച് കുളത്തിലിടാമെന്ന് വിചാരിച്ചിട്ടാ… എന്ത് സ്വഭാവാ ഇത്, ഒന്ന് മയത്തിൽ സംസാരിച്ചൂടെ മാഷെ
: നീയും മോശമൊന്നുമല്ലല്ലോ…
: എന്ന കൈകൊടുക്ക്… ഞാൻ നന്നായി. ഇനി സ്നേഹത്തോടെയേ എന്റെ ഏട്ടനോട് സംസാരിക്കൂ…കൈ താ..
: എന്റെ ഏട്ടനോ…. എഴുതി തന്നേക്കുവല്ലേ നിനക്ക്, ഒന്ന് പോടി
: ഇത് നന്നാവൂലാ…. വെറുതെയല്ല ലെച്ചു ചേച്ചി കാട്ടുപോത്തെന്ന് വിളിക്കുന്നത്
എനിക്ക് ചിരിയാണ് വന്നത്, ലെച്ചു എന്തിനാ അങ്ങനെ വിളിക്കുന്നതെന്ന് ഈ പാവത്തിന് അറിയില്ലല്ലോ. ഒന്നും പറയണ്ട മിണ്ടാതിരിക്കാം അതാ നല്ലത്. എന്നാലും അവള് പറഞ്ഞത് ശരിയല്ലേ. ഒന്ന് മയത്തിൽ സംസാരിച്ചാലെന്താ നിനക്ക്. ചെറുക്കന്റെ അഹങ്കാരം അല്ലാതെന്ത്..
: തുഷാരയ്ക്ക് നീന്താൻ അറിയോ…
: പിടിച്ച് തള്ളിയിടാനാണോ… തള്ളിയേക്കല്ലേ മോനേ, എനിക്ക് നീന്താനൊന്നും അറിയില്ല..