അച്ഛന്റെയും എന്റെയും ആ ചിത്രം ഞാൻ പോക്കറ്റിലിട്ടു.
അർജുൻ ആ കീറിയ ഫോട്ടോയിലേക്ക് നോക്കി ഒരു ദീർഘനിശ്വാസം എടുത്തു. പിന്നെ പതുക്കെ ഷർട്ട് അല്പം പൊക്കി തന്റെ പുറത്തെ പഴയൊരു പാട് അനന്യയ്ക്ക് കാണിച്ചുകൊടുത്തു.
അർജുൻ: “ഇത് കണ്ടോ അനന്യാ? ഇത് വിശ്വനാഥൻ എനിക്ക് തന്ന സമ്മാനമാണ്. അന്ന് ആ ഫോട്ടോ തകർന്നപ്പോൾ അയാൾ എന്നെ തകർത്തതിന്റെ അടയാളം.”
അനന്യ ഞെട്ടലോടെ ആ പാടിലേക്ക് നോക്കി. അർജുൻ ആ രാത്രിയിലെ ഓർമ്മകളിലേക്ക് തിരികെ പോയി.
അർജുൻ: “അന്ന് വൈകുന്നേരം അവർ പുറത്തു പോയ സമയത്താണ് ഞാൻ ആ ഫോട്ടോ കണ്ടത്. വിശ്വനാഥും അമ്മയും അത്രയും ചേർന്നുനിൽക്കുന്ന ഒരു ചിത്രം. എന്റെ അച്ഛന്റെ ഓർമ്മകൾ ഇരിക്കുന്ന ആ വീട്ടിൽ അത് കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല. അറിയാതെ എന്റെ കൈ തട്ടി ആ ഫ്രെയിം താഴെ വീണു തകർന്നു.”
അവൻ ഒന്ന് നിർത്തി, കണ്ണുകൾ ഇറുക്കി അടച്ചു.
അർജുൻ: “അവർ തിരികെ വന്നപ്പോൾ തകർന്നു കിടക്കുന്ന ഫോട്ടോ കണ്ട് വിശ്വനാഥൻ ഭ്രാന്തനെപ്പോലെയായി. അയാൾ എന്റെ കോളറിൽ പിടിച്ചു വലിച്ചു. ‘നിനക്ക് എന്റെയും ശാലിനിയുടെയും ബന്ധം അത്രയ്ക്ക് പുച്ഛമാണോടാ’ എന്ന് അലറിക്കൊണ്ട് അയാൾ കൈയ്യിൽ കിട്ടിയ ബെൽറ്റ് എടുത്ത് എന്നെ അടിക്കാൻ തുടങ്ങി. ഓരോ അടിയും എന്റെ പുറത്ത് വീഴുമ്പോൾ ഞാൻ നിലവിളിച്ചു… ‘അമ്മേ’ എന്ന് വിളിച്ച് ഞാൻ കരഞ്ഞു.”
അർജുന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ താഴെ വീണു.
അർജുൻ: “അമ്മ അവിടെത്തന്നെ ഉണ്ടായിരുന്നു അനന്യാ. ഞാൻ കരയുന്നത് കണ്ട് ഓടിവന്ന് എന്നെ ചേർത്തുപിടിക്കുമെന്ന് ഞാൻ കരുതി. പക്ഷേ… അവർ അവിടെ വെറുമൊരു കാഴ്ചക്കാരിയായി നിന്നു. വിശ്വനാഥൻ എന്നെ അടിക്കുമ്പോൾ, അയാളെ തടയുന്നതിന് പകരം അമ്മ തന്റെ മുഖം തിരിച്ചുപിടിച്ചു. സ്വന്തം മകൻ അടികൊള്ളുമ്പോൾ, തന്റെ കാമുകന്റെ ദേഷ്യം ശമിപ്പിക്കാൻ എന്നെ അവർ വിട്ടുകൊടുത്തു. വിശ്വനാഥന്റെ ആക്രോശങ്ങൾക്കിടയിൽ അമ്മയുടെ നിശബ്ദതയായിരുന്നു എന്നെ കൂടുതൽ വേദനിപ്പിച്ചത്.”