ഓട്ടോഗ്രാഫ് [Arrow]

Posted by

കൂടിപ്പോയാൽ ഒരു പത്തു മിനിറ്റ്, പത്തുമിനിറ്റ് മാത്രേ അവൾ എന്നോട് സംസാരിച്ചുള്ളു, അതും ഫോണിൽ കൂടി. വർഷങ്ങൾക്ക് ഇപ്പുറവും അവളുടെ ശബ്ദം പോലും എന്നിൽ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നും അല്ല. ആ പത്തു മിനിറ്റത്തെ സംസാരം കൊണ്ട് തന്നെ ഞാൻ ചുറുചുറുക്കുള്ള പഴയ ആ ആരോമൽ ആയിരിക്കുന്നു. അവളുടെ രോമൻ ആയിരിക്കുന്നു.

” ഇന്ന് എന്താടാ സ്ട്രൈക്ക് വല്ലോം ആണോ?? “

ഞാൻ നേരത്തെ വന്നത് കണ്ടിട്ട് അമ്മ ചോദിച്ചു.

” അതെന്താ, സ്ട്രൈക്ക് ഉണ്ടെങ്കിൽ മാത്രമേ നേരത്തെ പോരാൻ പറ്റത്തുള്ളൂ?? ഇന്ന് ക്ലാസ്സിൽ ഇരിക്കാൻ ഒരു മൂഡ് തോന്നിയില്ല ഞാൻ ഉച്ചക്ക് ഇങ്ങ് പോന്നു “

” ഹേ, എന്റെ പൊന്നുമോൻ ക്ലാസ്സ്‌ കട്ട് ചെയ്തെന്നോ?? “

അമ്മയും അത്ഭുതത്താൽ മൂക്കത്തുവിരൽ വെച്ചു. അമ്മയെ നോക്കി നല്ല ഒരു ചിരി പാസാക്കി ഞാൻ എന്റെ റൂമിലേക്ക്‌ കയറി. കയറിയപാടെ ഞാൻ എന്റെ ബുക്ക്‌ ഒക്കെ വെക്കുന്ന ഷെൽഫിൽ മൊത്തം ഒന്ന് പരതി, അതികം തപ്പാതെ തന്നെ ഞാൻ നോക്കി നടന്ന സാധനം കിട്ടി, ഓട്ടോഗ്രാഫ്. എന്റെ പത്തിലെ ഓട്ടോഗ്രാഫ്. + 2 ൽ വെച്ച് ഞാൻ ഓട്ടോഗ്രാഫോന്നും വാങ്ങിയില്ല.

ഓട്ടോഗ്രാഫ് തുറന്നപ്പോഴേ കണ്ടത് ഗ്രൂപ്പ്‌ ഫോട്ടോ ആണ്. ഓർമ്മകൾ പോലെ ആ ഫോട്ടോയ്ക്കും പൂപ്പൽ പിടിച്ചിരിക്കുന്നു. അതികം തിരയാതെ തന്നെ ആ കൂട്ടത്തിൽ നിന്ന്, ഏറ്റവും പുറകിലത്തെ റോയിൽ ഞാൻ എന്നെ കണ്ടുപിടിച്ചു. ആ ഫോട്ടോയിലെ എന്റെ കോലം കണ്ടപ്പോൾ സത്യം പറയാല്ലോ എനിക്ക് ചിരിപൊട്ടി. ഞാൻ ഒരുപാട് മാറിയിരിക്കുന്നു. പൊടിമീശ, സ്പൈക്ക് പോലെ മുന്നിൽ മാത്രം ഉയർത്തി നിർത്തിയ തലമുടി, മുകളിലെ രണ്ട് ബട്ടൺ തുറന്നിട്ടിരിക്കുന്ന യൂണിഫോം ഷർട്ട്, അത് മുന്നിൽ മാത്രം ഇൻ ചെയ്തിരിക്കുന്നു, ഡോളർ സിംബലിന്റെ ഷേപ്പിലെ വലിയ ബെൽറ്റിന്റെ കപ്പിൾ, മുന്നിൽ വേറെ ആരൊക്കെയോ നിൽക്കുന്നത് കൊണ്ട് അത്രെയേ കാണാൻ പറ്റിയുള്ളൂ. അത് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണ് കണ്ണാടി തേടിപ്പോയി. അതിൽ കണ്ട രൂപം അത് മറ്റാരോ ആണോ??? പൊടിമീശക്ക് പകരം കട്ടിയുള്ള മീശ വന്നിരിക്കുന്നു. അന്നത്തെ fashion അനുസരിച്ചു വെട്ടി നിർത്തിയിരുന്ന മുടി ഇന്ന് ആരും നോക്കാനില്ലാത്ത അനാഥനെ പോലെ തന്റേടി ആയി വളർന്നിരിക്കുന്നു, അന്ന് അത്യാവശ്യം നല്ല ഫിറ്റ് ആയിരുന്ന ബോഡി ഇന്ന് വെറുതെ എല്ല് മാത്രമായിരിക്കുന്നു.
ഈ കോലത്തിൽ അവൾ എന്നെ കണ്ടാൽ….

എന്തായാലും ഇന്ന് വൈകിട്ട് ബാർബർ ഷോപ്പിൽ പോണം മുടിയെങ്കിലും നേരെ ചെവ്വേ ഇരുന്നോട്ടെ.

വീണ്ടും എന്റെ കണ്ണുകൾ ആ ഫോട്ടോയിൽ പരതി. ഞാൻ നിന്നിരുന്ന റോയുടെ തൊട്ട് താഴെ ഉള്ള റോയിൽ നിന്ന് അവളെ കണ്ടുപിടിച്ചു. അഭിരാമി. എന്റെ ബാല്യകാലസഖി. നീലേം വെള്ളേം ചുരിതാർ ആണ് യൂണിഫോം. പിന്നിക്കെട്ടിയ മുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്, അത്യാവശ്യം വലിയ കണ്ണുകളാണ് അവൾക്ക്, അതിൽ കണ്മഷി കൂടി എഴുതുമ്പോൾ, ആ കണ്ണിന്റെ ചേല് ചെറുതായി ഒന്നും അല്ല കൂടുന്നത്. നീണ്ട് അല്പം വളഞ്ഞ അവളുടെ മൂക്കും വരച്ചു വെച്ചതുപോലുള്ള ചുണ്ടുകളും മുല്ല മൊട്ട് പോലത്തെ നിരനിരയായി നിൽക്കുന്ന പല്ലുകളും ആ നിരയിൽ നിന്ന് മാറി നിൽക്കുന്ന ഒരു ഇടംപല്ലും എല്ലാം നല്ല ഭംഗി ആണെങ്കിലും ആ കണ്ണുകളാണ് എനിക്ക് ഏറെ ഇഷ്ട്ടം.

Leave a Reply

Your email address will not be published. Required fields are marked *