കോൾ സെന്റർ 3 [കമൽ]

Posted by

“അമ്മിച്ചീ എന്റെ കറുത്ത ബുഷ് കണ്ടോ? ഞാനാ രൂപത്തിന്റെ താഴെ വച്ചിരുന്നതാ.”
ജാൻസി മുടി പിന്നിക്കൊണ്ട് അരങ്ങത്തേക്ക് വന്നു.
“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടി രൂപത്തിന്റെ സ്റ്റാൻഡിൽ കണ്ട അലപ്പറയൊന്നും വെക്കരുതെന്ന്? അപ്പുറത്തെങ്ങാൻ കാണും. പോയി നോക്ക് പെണ്ണേ..”
“മനോരമേടെ എടെ കാണും.” ജോജോ ജാൻസിയേ നോക്കി കണ്ണിറുക്കി.
“അമ്മിച്ചീ….” ജാൻസി നിന്ന് ചിണുങ്ങി.
“പോയി ഒരുങ്ങി നേരത്തിന് സ്കൂളീ പോടി കൊച്ചേ. എടാ ജോജോ… നീയിതെന്തു ഭാവിച്ചാ? രാവിലേ തന്നെ കെട്ടിയൊരുങ്ങി ഇതെങ്ങോട്ടാ പോകുന്നേന്നെങ്കിലും പറഞ്ഞേച്ചു പോ.”
“ഞാൻ പറഞ്ഞില്ലാരുന്നോ? ഇന്റർവ്യൂന്.” കഴുത്തിൽ ടൈ മുറുക്കാൻ വിഫലമായി ശ്രമിച്ചു കൊണ്ടവൻ പറഞ്ഞു.
“ഇന്റർവ്യൂന് പോണോ? ഔസേപ്പിതാവാണേ അതിനെപ്പറ്റി ഒരക്ഷരം നീ മിണ്ടീട്ടില്ല. എന്തോ പണിയാടാ ജോജോ?”
“അതൊക്കെ ഞാൻ വന്നിട്ട് പറയാം അമ്മിച്ചീ. ജിന്റോയിപ്പോ ഇങ്ങു വരും.” ജോജോ ധൃതി പിടിച്ചു.
“ഓ… മാത്തന്റെ മോന്റെ കോടയാ അല്ലെ? അവരൊക്കെ പണമുള്ളൊരാ മോനേ… അബദ്ധത്തിലൊന്നും ചെന്ന് ചാടല്ലേ…”
“ഞാനപ്പോ പോവണ്ടേ അമ്മിച്ചീ?” ജോജോ ദേഷ്യത്തിൽ ടൈ വലിച്ചു പറിച്ചെടുത്തു.
“മക്കള് നന്നായിക്കാണാൻ ആഗ്രഹമില്ലാത്ത അപ്പനമ്മമാരുണ്ടോടാ? നീ ദേഷ്യപ്പെടാതെ പോയേച്ചും വാ. നിന്നെക്കുറിച്ചൊള്ള ആധി കൊണ്ട് ചോദിച്ചു പോയന്നെയൊള്ളു.”
അപ്പോഴേക്കും ജിന്റോയുടെ വണ്ടി മുറ്റത്തേക്ക് കയറി മണലിൽ തീട്ടി നിന്നു.
“കഴിഞ്ഞില്ലേ മുത്തേ… ?” ജിന്റോ വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറി നിന്നു.
“ചായ കുടിച്ചോടാ ജിന്റോ?” ബേബിച്ചേച്ചി കുശലം ചോദിച്ചു.
“ആ അതൊക്കെ കഴിഞ്ഞു അമ്മിച്ചീ. ഇവനും കൂടി വന്നാൽ അങ്ങു പോകാമായിരുന്നു. ടാ ടാ… മതി ഒരുങ്ങീത്. ടൈയൊന്നും കെട്ടണ്ട.”

Leave a Reply

Your email address will not be published. Required fields are marked *