“വണ്ടീടെ ഒച്ചകേട്ട് വന്നതാ!”
പത്മജ പറഞ്ഞു.
ഗിരീഷ് വരാന്തയിലേക്ക് കയറി.
“എന്താ പതിവില്ലാതെ ഈ സമയത്ത്?”
പത്മജ പിന്നെയും ചോദിച്ചു.
“പത്മേടത്തി അനിയ്ക്ക് പറ്റിയ ആലോചന ഉണ്ടേല്‍ നോക്കണം എന്ന് പറഞ്ഞില്ലാരുന്നോ?”
കസേരകളിലൊന്നില്‍ ഇരുന്നുകൊണ്ട് ഗിരീഷ് പറഞ്ഞു.
അത് കേട്ട് അനിത അമ്മയുടെ നേരെ മുഖം കോട്ടി.
“ആ, എന്നിട്ട്?”
പത്മജ താല്‍പ്പര്യത്തോടെ ചോദിച്ചു.
“ഒരാലോചന ഒത്ത് വന്നിട്ടുണ്ട്,”
ഗിരീഷ് മുമ്പോട്ട് ചാഞ്ഞിരുന്നു.
“നമ്മടെ മേലെപ്പാടം മനേലെ തിരുമേനീടെ മോനാ…ഒരുപക്ഷെ കേട്ടിട്ടുണ്ടാവും…രവി ശങ്കര്‍. ഇവിടെ വൈറ്റിലേല്‍ വലിയ ഒരു അമേരിക്കന്‍ കമ്പനിയുണ്ട്..അതിന്‍റെ ചൊമതലേം മൊത്തം ഉത്തരവാദിത്തോം ഒക്കെ ആള്‍ക്കാ….ആള് നമ്മടെ അനിയെ കഴിഞ്ഞ നാഗത്തറയുത്സവത്തിനു തിരുമേല്‍ത്തറയില്‍ വെച്ച് കണ്ടിരിക്ക്ണു… പത്മേടത്തി എന്നോട് അനീടെ കാര്യം പറഞ്ഞതിന്റെ പിറ്റേന്ന് കക്ഷി എന്നെ അന്വേഷിച്ച് മനേല്‍ വന്ന് അനിയെ അന്വേഷിച്ചു… സമ്മതാച്ചാല്‍ കുറി കൊടുക്കാന്‍ പറഞ്ഞു…”
ഗിരീഷ് കൊണ്ടുവന്ന വാര്‍ത്ത അനല്‍പ്പമായ സന്തോഷത്തോടെയാണ് പത്മജ സ്വീകരിച്ചത്. “ന്‍റെ ഭഗവാനെ…” കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തി അനിത മാത്രം കേള്‍ക്കുന്ന ശബ്ദത്തില്‍ അവര്‍ മന്ത്രിച്ചു.
“അതിപ്പോ…ആളെ കാണാതെ സംസാരിക്കാതെ കുറി കൊടുക്കാന്ന് ഒക്കെ പറഞ്ഞാല്‍ എങ്ങനാ ഗിരീ?”
“ഹ! പത്മേടത്തി ദെന്താ ഈ പറേണെ?”
അയാളുടെ സ്വരം ഗൌരവമുള്ളതായി.
“അനി രവീനെ കണ്ടിട്ടുണ്ടല്ലോ..സംസാരിക്കേം ചെയ്തിട്ടുണ്ട്! ഇല്ലേ മോളെ?”
അനിതയ്ക്ക് ഒന്നും മനസ്സിലായില്ല.