അവരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഏറെ നേരം പിടിച്ചു നിൽകാൻ കഴിയില്ലെന്നെനിക്കു ഉറപ്പായിരുന്നു…. എനിക്ക് എന്റെ സമനില തെറ്റുന്നത് പോലെ തോന്നി…
അവരുടെ ഓരോ ചോദ്യങ്ങൾക്ക് മുന്നിലും ഉത്തരം മുട്ടുന്നതിനനുസരിച്ചു.. എവിടെ നിന്നോ എന്നിലേക്ക് ദേഷ്യം ഇരച്ചു കയറാൻ തുടങ്ങിയിരുന്നു… അമ്മയുടെയും ഏടത്തിയുടെയും ഓരോ വാക്കുകളും എന്നെ മുൾമുനയിൽ നിർത്തുന്നത് പോലെ….
” മോനെ… അതൊരു പാവം പെണ്ണടാ … ഇത്ര നാളും അതിന് സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ…. സഹിക്കാവുന്നതിനും അപ്പുറവും അവൾ ഇവിടെ സഹിക്കുന്നുണ്ട്.. ഇനിയും എന്തിനാ അതിനെ ഇങ്ങനെ നീ ദ്രോഹിക്കാൻ നോക്കുന്നത്. പാപം കിട്ടും എന്റെ കുട്ടിക്ക്…. ”
അമ്മയുടെ അവസാന വാക്കുകൾ എന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കാൻ പോന്നതായിരുന്നു..
” അമ്മ എന്ത് പറഞ്ഞാലും.. ആ കേസ് ഇനി ഞാൻ കൊടുക്കാൻ സമ്മതിക്കില്ല…. അയാള് ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്ന്വേക്ഷിക്കൽ അല്ല എന്റെ പണി… അത്രക്ക് മോളോട് സ്നേഹമുള്ള അച്ഛൻ ആയിരുന്നെങ്കിൽ അവളെ ഇട്ടിട്ടു പോകുമായിരുന്നോ…? എല്ലാം വെറും അഭിനയം ആണ്.. അയാൾ വന്നാൽ തന്നെയും ആ പെണ്ണിനെ ഇനി സ്വീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. .. ”
ഞാൻ എന്റെ സർവ്വ ശക്തിയും എടുത്ത് അലറി… എന്റെ ശബ്ദം അവിടെ എങ്ങും മുഴങ്ങി നിൽക്കെ പിന്നിൽ നിന്നു നിസ്സഹായമായ ഒരു ഏങ്ങലടി മുഴങ്ങി കേട്ടു.. ഞങ്ങൾ എല്ലാം ഒരു പോലെ മുൻകതകിനടുത്തേക്കു നോട്ടം തിരിച്ചു ….
” ദേവു….. ”
അറിയാതെ ചുണ്ടു മന്ദ്രിച്ചു.. പറഞ്ഞതത്രയും ഒരു കതകിൻ മറവിനുമപ്പുറം ഇരുന്നു അവൾ കേട്ടിരിക്കുന്നു എന്ന് അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ സാക്ഷ്യപ്പെടുത്തി….. വായിൽ നിന്നു വീണവയത്രയും അപ്പോഴത്തെ ആവേശത്തിന് അവരുടെ മുന്നിൽ ജയിക്കാൻ വേണ്ടി മാത്രം പറഞ്ഞതാണെങ്കിലും എല്ലാം ഒറ്റ നിമിഷം കൊണ്ട് തകിടം മറിഞ്ഞു…
” ദേവു മോളെ….. ”
എല്ലാം കേട്ട് ഒരു വാക്കു പോലും പറയാനാവാതെ നിസ്സഹായയായി നിന്ന ദേവുവിന്റെ അടുത്തേക്ക് ഏടത്തി ഓടി എത്തി. ആശ്വസിപ്പിക്കാനെന്ന വണ്ണം അവളെ അവർ മാറോടണച്ചു .. ഏടത്തിയുടെ ആ പ്രവൃത്തിയോ ആശ്വാസവാക്കുകളോ ഒന്നും ആ നിമിഷം ദേവുവിന്റെ കണ്ണുനീരൊപ്പാൻ മാത്രം പ്രാപതമായിരുന്നവയല്ല….